malar

തലശ്ശേരി: സർക്കാർ നൽകിയ കൊച്ചു വീടുകൾക്ക് മുന്നിൽ അലങ്കാരത്തിന് വളർത്തിയ പൂച്ചെടികൾ ഇപ്പോൾ എഴുപതോളം വരുന്ന കോളനിക്കാരുടെ അന്നത്തിന് വകയാണ്. കൊവിഡ് കാലത്താണ് കുറിച്ചിയിൽ കടലോരത്തെ പെട്ടിപ്പാലം കോളനിയിലെ മനുഷ്യർ ചെറുനാട്ടുപൂക്കൾ വിടരുന്ന ചെടികൾ വീടിന് തൊട്ട് മുന്നിലെ ദേശീയപാതയോരത്ത് നട്ടുനനച്ച് വളർത്തിയത്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന പുഴിമണ്ണിൽ അവയെല്ലാം പല നിറങ്ങളിൽ പുഞ്ചിരിച്ചു നിന്നു.

മാഹി-തലശ്ശേരി പാതയെ ഇത് മനോഹരമാക്കി. ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങൾ നിർത്തി പലരും പൂക്കൾ ആവശ്യപ്പെട്ടതോടെ ഇവർ ചെറു ചട്ടികളിലാക്കി വളർത്തി വിൽക്കാനും തുടങ്ങി. ആശ, പാർവതി, ഷൈല, പ്രവീൺ എന്നിവർ ചേർന്നാണ് എഴുപതോളം വീടുകൾക്ക് മുന്നിൽ പൂ വിപ്ലവം തീർത്തത്. ടൈഗർ സ്ട്രിപ്പ്, തിൻഡ്രല്ല ഇനങ്ങൾ, എട്ട് മണി നാല് മണി പൂവുകൾ, ടേബിൾ റോസ് ,തപോണിയ, തർട്ടിൻ വൈൻ, പലതരം വർണ്ണങ്ങളിലെ ഇലച്ചെടികൾ ,പനിനീർച്ചെടികൾ, പുൽച്ചെടികൾ, തോട്ടവാഴകൾ ,ഫോർഡിയ, ജെറിബ്ര തുടങ്ങി ഒട്ടനവധി ഇനം ചെടികൾ കൊണ്ട് ഇവിടമാകെ മലർവാടിയാക്കി മാറ്റുകയായിരുന്നു.

കോളനിക്ക് തെക്ക് വശം നേരത്തെ തലശ്ശേരി നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രവും വടക്ക് ഭാഗം ശ്മശാനവുമായിരുന്നു. അശാസ്ത്രീയമായി മലിന്യങ്ങൾ തള്ളുന്നതിനാൽ ഇവിടമാകെ ദുർഗന്ധമായിരുന്നു. മൂക്കുപൊത്താതെ, വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് പോലും ഇതുവഴി കടന്നു പോകാനാകുമായിരുന്നില്ല. എന്നാലിപ്പോൾ ദേശീയ പാതയിലെ കടലും റെയിലും തൊട്ടുരുമ്മി നിൽക്കുന്ന പെട്ടിപ്പാലം കോളനി പ്രദേശം മനോഹരമാണ്.