കടയ്ക്കാവൂർ: വർക്കല തോട് നവീകരണം മൂലം തോട്ടിൽ ഉണ്ടായിരുന്ന ഗതാഗതവും ഇല്ലാതായി. കൊച്ചി മുതൽ തിരുവനന്തപുരം വരെ ദേശീയ ജലപാത നവീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന് വേണ്ടി കോടികൾ അനുവദിക്കുകയും ചെയ്തു. ഘട്ടം ഘട്ടമായി ടെൻഡർ വിളിക്കുന്നതിന്റെ ഭാഗമായി നെടുങ്ങണ്ട ആറ്റുമുഖപ്പ് മുതൽ അരുവാളം വരെ ഒരുകിലോമീറ്റർ ടെൻഡർ കൊടുത്ത് തോട് കുഴിച്ച് ആയിരക്കണക്കിന് ലോഡ് മണൽ മാറ്റി തോടിന് ഇരുവശവും ഭിത്തികെട്ടി ബോട്ട് സർവീസിന് വേണ്ടി സഞ്ചാരയോഗ്യമാക്കി.
വർഷങ്ങൾ കഴിഞ്ഞിട്ടും ഇൗ ഭാഗത്ത് ബോട്ട് സർവീസ് ആരംഭിക്കാത്തതിനാൽ തോട്ടിൽ കുഴിച്ച ഭാഗത്ത് മണലിറങ്ങി തോട് നികഴ്ന്ന് നാലടിയോളം വീതിയിൽ വെള്ളമൊഴുക്കുള്ള ചാലായി വീണ്ടും മാറി. ഇനിയും ശ്രദ്ധിക്കാതിരുന്നാൽ ബോട്ട് ഗതാഗതം ഉണ്ടാകില്ലെന്ന് മാത്രമല്ല ഇവിടെ ഒരു തോടുണ്ടായിരുന്നു എന്നുപോലും പറയാൻ കഴിയാത്ത അവസ്ഥയിലാകും. തോട് വീണ്ടും വൃത്തിയാക്കി വർഷങ്ങൾക്ക് മുൻപ് ഇതുവഴി ഉണ്ടായിരുന്ന ബോട്ട് സർവീസ് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.