
മൂക്കിനുള്ളിലെ നേരിയ ആവരണത്തിൽ പൊടിപടലങ്ങൾ വന്നുപെട്ടാൽ അവയെ പുറന്തള്ളാനുള്ള സ്വയംപ്രതിരോധ ഉപായമാണ് തുമ്മൽ. എന്നാൽ തുമ്മൽ കാരണം വളരെ ബുദ്ധിമുട്ടുന്നവരുണ്ട്. ഇത് തന്നെ മറ്റു പല രോഗങ്ങൾക്ക് കാരണമാകുകയും, അവ ശരിയായി പരിഹരിക്കാൻ കഴിയാതെ വർദ്ധിച്ച രോഗവുമായി കഴിയുന്നവരും കുറവല്ല.
പൊടി കാരണം ഉണ്ടാകുന്ന തുമ്മൽ ക്രമേണ കണ്ണ്,ചെവി, തൊണ്ട, ശ്വാസകോശം തുടങ്ങിയ ഭാഗത്തേക്ക് വ്യാപിച്ച് രോഗത്തിന്റെ സ്വഭാവം തന്നെ മാറും. ചുരുക്കിപ്പറഞ്ഞാൽ തുമ്മലിൽ തുടങ്ങി ആസ്‌തമയായി പരിണമിക്കാൻ അധികസമയമൊന്നും വേണ്ടെന്ന് സാരം.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ജീവിതരീതിയിൽ പ്രത്യേകിച്ച്, ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ചികിത്സ പൂർണമായും വിജയത്തിലെത്തൂ. എന്നാൽ, ജീവിതകാലം മുഴുവൻ അലർജിക്കുള്ള ഗുളിക വിഴുങ്ങി തൽക്കാല ശാന്തി നേടുകയും തുടർന്ന് അസുഖം വർദ്ധിക്കുമ്പോൾ ഗുളികയുടെ ഡോസ് വർദ്ധിപ്പിച്ച് അവസാനം ആസ്‌ത്മയായി മാറുകയും ചെയ്യുമ്പോഴാണ് പലരും മറ്റു ചികിത്സകളെക്കുറിച്ച് ചിന്തിക്കുന്നത്.
എന്നാൽ, തുമ്മൽ പോലെ അത്ര എളുപ്പമല്ല ആസ്ത്മ മാറ്റി എടുക്കാൻ.
അതിനാൽ രോഗതീവ്രത സ്വയം അനുഭവിച്ചു തീർക്കുകയാണ് പലരും.
കാരണങ്ങൾ
പൊടി, പുക, തണുപ്പിച്ചവ, എണ്ണയിൽ വറുത്തത്, ബേക്കറി സാധനങ്ങൾ, അയല, ചൂര, ചിപ്പി, കണവ, കൊഞ്ച്, ഞണ്ട്, കശുഅണ്ടി, മുട്ട, ബ്രഡ്, ബിസ്ക്കറ്റ്,അച്ചാർ, കവർ പാൽ, തൈര്, മുന്തിരി, ഓറഞ്ച്, മുസംബി തുടങ്ങിയ പുളിയുള്ള പഴങ്ങൾ, മുരിങ്ങയ്ക്ക,പൂമ്പൊടി, സൂര്യപ്രകാശം, ചിലന്തി വല,പഴയ പുസ്തകങ്ങളിൽ നിന്നുള്ള പൊടി, വളർത്തു മൃഗത്തിന്റെ രോമം, സോഫാ സെറ്റിയിലെ പൊടി, പൗഡർ, പെർഫ്യൂമുകളുടെ മണം, പെയിന്റ്, ഷെൽഫിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന വസ്ത്രങ്ങൾ, ആഹാരം വറുക്കുന്ന മണം എന്നുവേണ്ട, മാനസിക പിരിമുറുക്കം പോലും തുമ്മലിന് കാരണമായി മാറാം. എന്നാൽ ഒരാളിൽ ഇവയിലെ എല്ലാ കാരണങ്ങളും അലർജി ഉണ്ടാക്കണമെന്നില്ല. ഇവയിൽ പലതും അലർജിക്ക് കാരണമാകാറുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇവയിൽ പല കാരണങ്ങൾ ഒരുമിച്ച് ശീലിക്കുമ്പോൾ തീർച്ചയായും രോഗമുണ്ടാകുന്നു.
തുമ്മൽ സാരമായി പിടിപെടുമ്പോൾ തന്നെ മേൽപ്പറഞ്ഞ എല്ലാ കാരണങ്ങളും നാല് മാസത്തേക്കെങ്കിലും ഒഴിവാക്കണം. അതിനുശേഷം ഇവയിലേതെങ്കിലും കാരണം കൊണ്ടാണോ തുമ്മൽ വീണ്ടും പ്രത്യക്ഷപ്പെടുന്നതെന്ന കാര്യം, മേൽപ്പറഞ്ഞ വസ്തുക്കൾ വീണ്ടും ഉപയോഗിക്കുമ്പോൾ തിരിച്ചറിയാൻ കഴിയും. അങ്ങനെയുള്ളവ മാത്രം ഭാവിയിൽ ഒഴിവാക്കി ഈ രോഗത്തെ മരുന്ന് കൂടാതെയും നിയന്ത്രിക്കാം. എന്നാൽ, അലർജി വർദ്ധിച്ച് രക്തത്തിലുണ്ടായ വ്യത്യാസം കൂടി ചികിത്സിച്ച് ഭേദമാക്കേണ്ടതുണ്ട്.
ലക്ഷണങ്ങൾ
അസുഖം വർദ്ധിക്കുന്നതിനനുസരിച്ച് രോഗവ്യാപ്തി ചെവി, തൊണ്ട,കണ്ണ്,ത്വക്ക്, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിൽ എത്തുമ്പോഴാണ് ലക്ഷണങ്ങളുടെ എണ്ണവും തീവ്രതയും വർദ്ധിക്കുന്നത്.
മൂക്ക്
മൂക്കിനുള്ളിലെ ദശ വളർച്ച, മൂക്കിൽ നിന്ന് നേർത്തതോ കൊഴുത്തതോ ആയ സ്രാവം, മൂക്കുകൊണ്ട് സംസാരിക്കുക, മൂക്കടപ്പ്, വായിൽകൂടി ശ്വാസം വിടുക, മണമറിയായ്ക, ഭക്ഷണത്തിന് രുചി അറിയായ്ക, മൂക്കിലൂടെ ശക്തിയായി ശ്വാസം എടുക്കുന്നതിനാൽ തല വേദന എന്നിവ ഉണ്ടാകുന്നു.
കണ്ണ്
കൺപോള വീർക്കുക, കൺപോളയുടെ ഉൾവശം ചൊറിയുകയും ചുവക്കുകയും തടിക്കുകയും ചെയ്യുക, കൺപോളയുടെ താഴെ നിറവ്യത്യാസം വരിക.
ചെവി
ചൊറിച്ചിൽ,ഇടയ്ക്കിടെ ചെവിവേദന,കേൾവിക്ക് ചെറിയ കുഴപ്പം.
തൊണ്ട ശബ്ദവ്യത്യാസം, തൊണ്ട ചൊറിച്ചിൽ,പനിയോട് കൂടിയ തൊണ്ടവേദന,ഇടയ്ക്കിടെ ജലദോഷം, തൊണ്ടയിൽ തടഞ്ഞിരിക്കുന്നത് മാറ്റാൻ ശ്രമിക്കുന്ന പോലെ ശബ്ദമുണ്ടാക്കുക, വായനാറ്റം, മോണ വീക്കം.
അലർജി രോഗം വർദ്ധിച്ചാൽ സൈനസൈറ്റിസ്, മൂക്കിൽ ദശ വളർച്ച,ചെവി പഴുപ്പ്, പല്ലിനും മോണയ്ക്കും കേടുപാടുകൾ ,തൊലിപ്പുറത്ത് തടിപ്പോ ചൊറിച്ചിലോ,ശ്വാസകോശ രോഗങ്ങൾ എന്നിവയും കൂടുതൽ ഗുരുതരമായാൽ മറ്റ് രോഗങ്ങളിലേക്കും മാറാം.
ചികിത്സ
1. കാരണങ്ങളെ ഒഴിവാക്കുക
രോഗനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാർഗം ഇതാണ്. ഒരുപക്ഷേ കാരണങ്ങളെ ഒഴിവാക്കാതെയുള്ള ഒരു ചികിത്സയും ഈ രോഗത്തിൽ ഫലപ്രദമല്ലെന്ന് തന്നെ പറയാം. എന്നാൽ രോഗം കാരണമുണ്ടായ ശാരീരിക വ്യതിയാനങ്ങൾ ഇതുകൊണ്ടുമാത്രം മാറണമെന്നില്ല.
2. ഔഷധ ചികിത്സ
രോഗിക്ക് കുറെയൊക്കെ ആശ്വാസം നൽകാൻ ഇതുകൊണ്ട് സാധിക്കും. എന്നാൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ക്രമേണ അവ കൂടുതൽ അളവിൽ ഉപയോഗിക്കേണ്ട അവസ്ഥയിലെത്തുകയും,എന്നാലും ആശ്വാസം ലഭിക്കാതെ ആസ്ത്മാ രോഗമായി മാറുകയും ചെയ്യും.ക്ഷീണവും ഉറക്കവും ഉണ്ടാക്കുന്ന സ്വഭാവവും ഈ മരുന്നുകൾക്കുണ്ട്.
3. രോഗപ്രതിരോധ ചികിത്സ
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്ന ചികിത്സ ചിലർക്കൊക്കെ പ്രയോജനപ്പെട്ടേക്കാം. എന്നാൽ പലരിലും വെറുതെ കുറെ നാൾ മരുന്ന് ഉപയോഗിക്കാമെന്നല്ലാതെ മറ്റു ഗുണങ്ങൾ കാണാറില്ല.
4. സർജറി
തുടർച്ചയായ രോഗംകൊണ്ട് മൂക്കിനുള്ളിൽ ദശ വളർച്ച, മൂക്കിൻറെ പാലം വളയുക തുടങ്ങിയ അവസ്ഥകൾ,മൂക്കിൽ കൂടിയുള്ള ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുണ്ടാകുകയാണെങ്കിൽ സർജറി താൽക്കാലികമായി പ്രയോജനം ചെയ്യാം. എന്നാൽ കാരണങ്ങൾ ഒഴിവാക്കപ്പെടുന്നില്ല എന്നതിനാൽ ഇതേ അവസ്ഥ പിന്നെയും ഉണ്ടാകുകയും സർജറി ആവർത്തിക്കേണ്ടി വരികയും ചെയ്യാം.
ആയുർവേദ ചികിത്സ
രോഗകാരണങ്ങൾ, എന്തുകൊണ്ട് അവ രോഗകാരണമാകുന്നു, എല്ലാ കാരണങ്ങളും എല്ലാ ആൾക്കാരിലും എന്തുകൊണ്ട് രോഗത്തെ ഉണ്ടാക്കുന്നില്ലെന്നുമൊക്കെ വ്യക്തമാക്കി കൊടുക്കാൻ ഒരു ആയുർവേദ ചികിത്സകന് നിഷ്പ്രയാസം സാധിക്കും.
രോഗിയുടെ ശാരീരിക വ്യതിയാനത്തിനനുസരിച്ച് വേണം ആയുർവേദ മരുന്നുകൾ ശീലിക്കാൻ.
തലയിൽ തേയ്ക്കാൻ എണ്ണ വേണമോ?എങ്കിൽ ഏത് വേണം? തുടർച്ചയായി കഴിക്കാൻ ഏത് മരുന്ന്? ഇടയ്ക്കിടെ രോഗം വർദ്ധിക്കുമ്പോൾ അധികമായി ഉൾപ്പെടുത്തേണ്ടവ ഏത്? പഞ്ചകർമ്മചികിത്സകളിൽ നസ്യം തുടങ്ങിയവയ്ക്ക് ഏത് മരുന്നുപയോഗിച്ച് പ്രയോജനപ്പെടുത്താം? തുടങ്ങിയ കാര്യങ്ങൾ ഓരോ രോഗിയിലും വ്യത്യസ്തമാണ്.
രോഗത്തിന്റേയും അവ കാരണമായ ശാരീരിക വ്യതിയാനങ്ങളുടേയും അവസ്ഥ മനസ്സിലാക്കി മാത്രമേ ചികിത്സ നിശ്ചയിക്കാൻ ആയുർവേദത്തിലൂടെ സാധിക്കുകയുള്ളൂ. ഈ രോഗത്തിന്റെ ഏത് അവസ്ഥയിലും ആയുർവേദ ചികിത്സ ഫലപ്രദമാണ്.