വർക്കല: ജീർണാവസ്ഥയിൽ തുടരുന്ന വർക്കല സബ് ട്രഷറി കെട്ടിടം പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള കെട്ടിടം നിർമ്മിക്കുന്നതിന് നടപടികളായി. വർക്കല ശിവഗിരി റോഡിലെ ആയുർവേദ ആശുപത്രിക്ക് പിറകുവശത്തുള്ള 25 സെന്റ് സ്ഥലത്താണ് വർഷങ്ങളായി ട്രഷറി പ്രവർത്തിച്ചുവരുന്നത്.
ഈ കെട്ടിടം കാലപ്പഴക്കത്താൽ ചുമരും, റൂഫിംഗും ഉൾപ്പെടെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് മഴക്കാലത്ത് ചോർന്നൊലിക്കുന്ന അവസ്ഥയിലുമായിരുന്നു.
ജീർണാവസ്ഥയിലായതോടെ കഴിഞ്ഞ ഒരു വർഷമായി സമീപത്തെ ഒരു വാടകക്കെട്ടിടത്തിലാണിപ്പോൾ ട്രഷറി പ്രവർത്തിക്കുന്നത്.
വർക്കല നഗരസഭ ഉൾപ്പെടെ 7 പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും ഈ ട്രഷറിയുടെ പരിധിയിൽ വരും.
ട്രഷറി ഓഫീസർ ഉൾപ്പെടെ 12 പേരാണ് ഇവിടെ ജീവനക്കാരായി ഉണ്ടായിരുന്നത്. ഇതിൽ ജൂനിയർ അക്കൗണ്ടന്റുമാരായ 2 പേർ ഒരു മാസം മുൻപ് പ്രൊമോഷൻ ലഭിച്ചതിനെ തുടർന്ന് സ്ഥലം മാറിപ്പോയി. എന്നാൽ ഈ ഒഴിവിലേക്ക് ഇതുവരെയും ജീവനക്കാരെ നിയോഗിച്ചിട്ടില്ല. ഫണ്ട് അനുവദിച്ചിട്ടും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നീളുന്നതായും ആക്ഷേപമുണ്ട്.