ella

നെടുമങ്ങാട് : രൂപീകരണനാൾ തൊട്ട് ഇടതിനെ മാത്രം അധികാരത്തിൽ എത്തിച്ച നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും പൂർത്തിയാക്കി പ്രചരണ രംഗത്ത് മുന്നിൽ.സ്ഥാനാർത്ഥി പട്ടിക ജില്ലാ നേതൃത്വത്തിന് കൈമാറി അനുമതിക്കായി കാത്തിരിക്കുന്ന യു.ഡി.എഫും ബി.ജെ.പിയും വാർഡ്,ബൂത്ത്തല പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.കരകുളം,അരുവിക്കര, വെമ്പായം,ആനാട്,പനവൂർ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്ക് പരിധിയിൽ എമ്പതിനായിരത്തോളം സ്ത്രീകൾ ഉൾപ്പടെ 1,53,947 വോട്ടർമാരാണുള്ളത്.ആകെയുള്ള 13 ഡിവിഷനുകളിൽ പതിനൊന്നിൽ സി.പി.എമ്മും രണ്ടു സീറ്റിൽ സി.പി.ഐയും മത്സരിക്കാനാണ് എൽ.ഡി.എഫ് തീരുമാനം.അമ്പിളി (മരുതൂർ),ശ്രീകണ്ഠൻ (കാച്ചാണി), ഗീത (കരകുളം), ഹരിലാൽ (അരുവിക്കര), ചിത്രലേഖ (ആറ്റുകാൽ), ശ്രീലത (തേക്കട) എന്നിവരാണ് സി.പി.എം സ്ഥാനാർത്ഥികൾ.ആനാടും വെമ്പായവുമാണ് സി.പി.ഐക്ക് അനുവദിച്ചിട്ടുള്ളത്. എന്നാൽ, അരുവിക്കരയും കരകുളവും കൂടി വേണമെന്ന ആവശ്യം സി.പി.ഐ മുന്നോട്ട് വച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റികൾ ഡി.സി.സിക്ക് കൈമാറിയ പട്ടിക അനുസരിച്ച് നിലവിൽ ബ്ലോക്ക് മെമ്പർമാരായ ബീന അജിത് വേറ്റിനാട്‌ ഡിവിഷനിലും സുമൈറ തേക്കട ഡിവിഷനിലും മത്സരിക്കും.സുമ (നന്നാട്ടുകാവ്), ശോഭനദാസ് (ചെറിയകൊണ്ണി), ശുചീന്ദ്രൻ (കാച്ചാണി), ബാബുരാജ് (വട്ടപ്പാറ),വിജയരാജ് (ചുള്ളിമാനൂർ) എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ. ബി.ജെ.പി -ബി.ഡി.ജെ.എസ് മുന്നണി തേക്കടയിൽ ആർ.സരിത,കരകുളത്ത് സജിത അജിത്ത്,വേറ്റിനാട് സ്വപ്‍ന സുദർശൻ,നന്നാട്ടുകാവിൽ സുഗതകുമാരി എന്നിവരെ മത്സരിപ്പിക്കും.ഇത്തവണ അദ്ധ്യക്ഷ സ്ഥാനം പട്ടികജാതി വനിതയ്ക്കാണ്.ചുള്ളിമാനൂർ പട്ടികജാതി സംവരണ ഡിവിഷനും പനവൂർ,ആട്ടുകാൽ,കരകുളം,മരുതൂർ,നന്നാട്ടുകാവ്,വേറ്റിനാട്,തേക്കട എന്നിവ വനിതാ സംവരണ ഡിവിഷനുകളുമാണ്.അരുവിക്കര, ചെറിയകൊണ്ണി,കാച്ചാണി,കരകുളം,മരുതൂർ,വട്ടപ്പാറ, നന്നാട്ടുകാവ്, വേറ്റിനാട്, വേങ്കവിള എന്നിവ എൽ.ഡി.എഫിന്റെയും ചുള്ളിമാനൂർ,ആട്ടുകാൽ,തേക്കട എന്നിവ യു.ഡി.എഫിന്റെയും സിറ്റിംഗ് സീറ്റുകളാണ്.ബ്ലോക്കിന് കീഴിൽ ആനാട് ഒഴികെയുള്ള നാല് ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫാണ് ഭരണത്തിലുള്ളത്.