pension

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 2013 ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിണറായി സർക്കാർ പിൻവാങ്ങില്ലെന്ന് ഏതാണ്ടുറപ്പായി. ഇക്കാര്യം ഇനി അടുത്ത സർക്കാർ തീരുമാനിക്കട്ടെ എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുമെന്നായിരുന്നു എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. പുന:പരിശോധിക്കുന്ന കാര്യം തീരുമാനിക്കാൻ സർക്കാർ പിന്നീട് നിയോഗിച്ച കമ്മിറ്റിയിലെ റിട്ട. ജില്ലാ ജഡ്ജ് സതീഷ് ചന്ദ്രബാബു, മുൻ നിയമ സെക്രട്ടറി പി.മാരപാണ്ഡ്യൻ എന്നിവർ ഓഫീസിൽ വരാറേയില്ല. മൂന്നാമത്തെ അംഗമായ ഡി.നാരായണ മാത്രമാണ് ശ്രീകാര്യത്തെ ഓഫീസിൽ വരുന്നത്. ഇതിനിടെ, ഗുരുവായൂർ ദേവസ്വം, കണ്ണൂർ സർവകലാശാല, ലൈബ്രറി കൗൺസിൽ തുടങ്ങി ഏഴ് സ്ഥാപനങ്ങളിൽക്കൂടി പദ്ധതി നടപ്പാക്കി. 2018 നവംബർ ഏഴിനാണ് പുന:പരിശോധനാ കമ്മിറ്റി രൂപീകരിച്ചത്. ആറ് മാസത്തെ സമയമാണ് നൽകിയതെങ്കിലും കമ്മിറ്റിക്ക് ഓഫീസ് അനുവദിച്ചത് 2019 ഒക്ടോബറിലാണ്.. കമ്മിറ്റി ചോദ്യാവലി ഉണ്ടാക്കി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സർവീസ് സംഘടനകളുടെയും പ്രതികരണം തേടിയിരുന്നു. പതിനായിരത്തോളം പ്രതികരണം ലഭിച്ചു. മിക്ക ചോദ്യങ്ങളും പങ്കാളിത്ത പെൻഷൻ അനിവാര്യമാണെന്ന ധ്വനിയുള്ളതാണ്.

സുപ്രീംകോടതി

വിധിക്കെതിര്

പെൻഷൻ ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് വിജ്ഞാപനം ചെയ്ത തസ്തികളിലുള്ളവർക്ക് സ്റ്റാറ്റൂട്ടറി പെൻഷൻ നൽകണമെന്നാണ് സുപ്രീംകോടതി ഉത്തരവ് .എന്നാൽ കേരളത്തിലിത് പാലിക്കപ്പെട്ടില്ല. ഒരേ വിജ്ഞാപന പ്രകാരം പരീക്ഷയെഴുതി ഒരേ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ലഭിച്ചവരിൽ ഒരാൾ 2013 മാർച്ച് 31നും അടുത്തയാൾ രണ്ടു ദിവസം കഴിഞ്ഞുമാണ് ജോലിക്ക് ചേർന്നതെങ്കിൽ രണ്ടാമത്തെയാൾക്ക് സ്റ്റാറ്റൂട്ടറി പെൻഷൻ ലഭിക്കില്ല.

സർക്കാർ

വിഹിതം 10 %

ജീവനക്കാരുടെ ശമ്പളത്തിന്റെ പത്ത് ശതമാനത്തിന് പുറമേ കേന്ദ്രസർക്കാർ 14 ശതമാനം കൂടി പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കുമ്പോൾ ,സംസ്ഥാന സർക്കാർ അടയ്ക്കുന്നത് പത്ത് ശതമാനം മാത്രം.