
കിട്ടേണ്ടത് 375 എം.എം.
കിട്ടിയത് 248.9 മില്ലിമീറ്റർ
കുറവ് 33%
തിരുവനന്തപുരം: ഉച്ചയ്ക്ക് സംസ്ഥാനത്തിന്റെ തെക്കൻജില്ലകളിൽ ഇടിമുഴക്കത്തോടെ തിമിർത്ത് പെയ്യേണ്ട തുലാവർഷം ഇക്കുറി മാറി നിൽക്കുന്നു. ഒക്ടോബർ 17ന് എത്തേണ്ട മഴ വന്നത് പോലും വൈകിയാണ്- 28ന്. കാര്യമായി പെയ്തതുമില്ല. തിരുവനന്തപുരത്ത് രണ്ടുദിവസങ്ങളിൽ മാത്രമാണ് കാര്യമായി മഴ കിട്ടിയത്. എറണാകുളം, ഇടുക്കി,പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും മൂന്ന് നാല് ദിവസത്തിലധികം തുലാവർഷ മഴ കിട്ടിയിട്ടില്ല. കടലിലെ താപവ്യതിയാനങ്ങൾ മൂലം സീസണിലെത്തേണ്ട ന്യൂനമർദ്ദങ്ങൾ ഉരുത്തിരിയാതിരുന്നതാണ് മഴക്കുറവിന്റെ കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്. ഇനി പ്രതീക്ഷ തുലാവർഷത്തിന്റെ അവസാനപാദങ്ങളിൽ മാത്രം.
ചുഴലിക്കാറ്റുകളുടെ സീസണിൽ ന്യൂനമർദ്ദങ്ങൾ ഇല്ലാത്തതിനാൽ വടക്കു കിഴക്കൻ മൺസൂൺ ദുർബലമായാണ് തുടരുന്നത്. തെക്കൻ കേരളത്തിൽ പൊതുവേ മഴ കുറവാണ്. ഒക്‌ടോബറിൽ മാത്രം നാലു ന്യൂനമർദ്ദങ്ങൾ രൂപംകൊണ്ടിരുന്നു. ഇത് തെക്ക് പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വിടവാങ്ങുന്നത് വൈകാനിടയാക്കി. തുടർന്ന് തുലാവർഷം സജീവമാകുന്നതിന് അനിവാര്യമായ ന്യൂനമർദ്ദ സാദ്ധ്യതകൾ നിഴലിക്കാത്ത സാഹചര്യമാണുള്ളത്. ഒക്‌ടോബറിലെ നാലടക്കം ഈവർഷം ഇതുവരെ 11 ന്യൂനമർദ്ദങ്ങൾ ഉണ്ടായി. ഒക്‌ടോബർ 28ന് തുലാവർഷം എത്തിയതിന് പിന്നാലെ ന്യൂനമർദ്ദങ്ങളൊന്നും ഉണ്ടായില്ല.
നവംബർ അവസാനവും ഡിസംബർ ആദ്യവുമാണ് നിലവിലെ സാഹചര്യത്തിൽ ന്യൂനമർദ്ദം പ്രതീക്ഷിക്കുന്നത്. തമിഴ്നാട് തീരത്തും സമാന സാഹചര്യമാണുള്ളത്. പെസഫിക് സമുദ്രത്തിൽ കാലവർഷത്തിന് അനുഗുണമായ ലാലിനോ പ്രതിഭാസം നിലനിൽക്കുന്നത് തുലാവർഷത്തെ ബാധിക്കുന്ന ഘടകമാണ്. ഒഡിഷ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. മൂന്ന് ദിവസങ്ങൾക്ക് ശേഷം തമിഴ്നാട് തീരത്ത് കിഴക്കൻ കാറ്റിൽ ന്യൂനമർദ്ദപാത്തി രൂപപ്പെടുന്നതിനുള്ള സാദ്ധ്യത കാലാവസ്ഥാവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇത് തമിഴ്നാടിനൊപ്പം കേരളത്തിലും കുറച്ച് മഴ ലഭിക്കാൻ ഇടയാക്കും.