cpm

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതോടെ സംസ്ഥാനത്ത് വികസനം തടയുകയാണ് അവരുടെ ലക്ഷ്യമെന്ന് വ്യക്തമായതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

'ലാഭകര'മല്ലെന്ന പേരിൽ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുക എന്നതായിരുന്നു യു.ഡി.എഫിന്റെ നയം. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോകൽ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. യു.ഡി.എഫായിരുന്നു ഭരണത്തിലെങ്കിൽ പൊതുവിദ്യാഭ്യാസം ഇന്ന് അവശേഷിക്കുമായിരുന്നില്ല.
എൽ.ഡി.എഫ് സർക്കാർ വന്നതോടെ സർക്കാർ, എയ്ഡഡ് സ്കൂളുകളെ ലോക നിലവാരത്തിലെത്തിക്കാൻ പ്രത്യേക മിഷൻ രൂപീകരിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് 310 സ്കൂളുകൾ നാടിന് സമർപ്പിച്ചു. സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ ആധുനിക പഠന സൗകര്യങ്ങളുറപ്പാക്കി. ഇവയെല്ലാം സി.എ.ജിയുടെ പരിശോധനയ്ക്ക് വിധേയമാണ്. സി.എ.ജി റിപ്പോർട്ട് നിയമസഭയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും വിലയിരുത്തുകയും ചെയ്യും. കിഫ്ബി ഫണ്ട് ഉപയോഗിക്കുന്ന പദ്ധതിയായതിനാൽ അവരുടെ ഓഡിറ്റിംഗുമുണ്ടാകും. ഇത്രയും സുതാര്യമായി നടത്തുന്ന പദ്ധതിയെയാണ് ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ തുടർച്ചയിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം പ്രഖ്യാപിച്ച് വികസന പദ്ധതികളെ തടസപ്പെടുത്തുകയെന്നത് യു.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ടിന്റെ അജൻഡയാണ്. ലൈഫ്, കെ- ഫോൺ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ തകർക്കാൻ നടത്തുന്ന ശ്രമത്തിന്റെ തുടർച്ചയാണിത്. വികസന പദ്ധതികൾ തകർക്കാനുള്ള യു.ഡി.എഫ്- ബി.ജെ.പി കൂട്ടുകെട്ടിനെതിരെ ജനകീയ പ്രതിരോധമുയരണമെന്നും സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.