nov10a

ആ​റ്റിങ്ങൽ: പരാധീനതകളിൽ ഞെങ്ങിഞെരുങ്ങി ആ​റ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോ. ജീവനക്കാർക്കോ യാത്രക്കാർക്കോ ഒന്നു വിശ്രമിക്കാനുള്ള സൗകര്യംപോലും ഇവിടെയില്ല.

തിരുവനന്തപുരം - കൊല്ലം റൂട്ടിൽ ദേശീയപാതയോട് ചേർന്ന് കണ്ണായ സ്ഥലത്താണ് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയും സ്റ്റാൻഡും വർക്‌ഷോപ്പും പാർക്കിംഗ് ഏരിയായും സ്ഥിതിചെയ്യുന്നത്.

കെ.എസ്.ആർ.ടി.സി കരാർ നല്കിയാണ് യാത്രക്കാരുടെ മൂത്രപ്പുരകൾ പ്രവർത്തിപ്പിക്കുന്നത്. എങ്കിലും യാതൊരു വൃത്തിയുമില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു. പലപ്പോഴും ദുർഗന്ധം കാരണം ഇവിടേക്ക് പോകാനാവാത്ത സ്ഥിതിയാണ്. വൃത്തിയാക്കാത്തതിനാൽ പലപ്പോഴും അധികൃതർ കരാറുകാരനിൽ നിന്ന് പിഴയീടാക്കുകയും കക്കൂസുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ഭാഗത്തേക്കാണ് ഇവിടെ നിന്ന് ഏ​റ്റവും കൂടുതൽ ആളുകൾ യാത്രചെയ്യുന്നത്. മഴയും വെയിലും കൊള്ളാതെ ഇവർക്ക് കയറിയിരിക്കാനുള്ള സുരക്ഷിതമായ ഒരിടം ഇവിടെയില്ല. ഓഫീസ് വരാന്തയിൽ പോയിരുന്നാൽ ബോർഡ് വായിക്കാനോ സീ​റ്റുള്ള ബസുകൾ നോക്കി കയറാനോ കഴിയില്ല. ഇതുകാരണം എല്ലാവരും സ്​റ്റാൻഡിനുള്ളിൽ പലയിടത്തായി ചിതറി നില്ക്കുകയാണ്. ബസുകൾ വന്ന് സ്റ്റാൻഡിൽ കയറുമ്പോൾ ഓടി മാറാത്തവർക്ക് അപകടം വരുന്നതും സാധാരണമാണ്.

നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നാണിവിടം. കൊല്ലം ഭാഗത്തുനിന്ന് വരുന്ന ബസുകൾ തിരിഞ്ഞ് സ്റ്റാൻഡിലേക്ക് കയറുമ്പോഴും പുറത്തേക്കിറങ്ങുമ്പോഴും റോഡിൽ ഗതാഗതം തടസപ്പെടും.