രാജ്യം ഉറ്റുനോക്കിക്കൊണ്ടിരുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുഫലം പൂർണമാകാൻ അർദ്ധരാത്രിയോളം കാത്തിരിക്കേണ്ടി വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അറിയിച്ചത്. ഇലക്ട്രോണിക് യന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. കൊവിഡ് ചട്ടങ്ങൾ പാലിച്ച് വോട്ടെണ്ണൽ പ്രക്രിയ നടത്തേണ്ടി വന്നതാണ് ഫലം വൈകിക്കുന്നതെന്ന കമ്മിഷന്റെ വിശദീകരണം അതേപടി വിഴുങ്ങാൻ പ്രയാസമാണ്. കൗണ്ടിംഗിന് കൂടുതൽ മേശകളും ഉദ്യോഗസ്ഥരെയും സജ്ജമാക്കേണ്ടിയിരുന്നു. വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുകൊണ്ട് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലമറിയാനായി ഒരു പൂർണദിവസം കാത്തിരിക്കേണ്ടിവരികയെന്നത് കേട്ടുകേഴ്വിയില്ലാത്ത കാര്യമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിൽ കാണിച്ച മിടുക്കും സാമർത്ഥ്യവും ഫലപ്രഖ്യാപനത്തിൽകൂടി നിലനിറുത്തേണ്ടതായിരുന്നു.
ഇത് എഴുതുന്ന സമയത്തും, വോട്ടെണ്ണൽ പൂർത്തിയാകാൻ പിന്നെയും മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് വിവരം. ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകളിൽ ഐക്യജനതാദൾ- ബി.ജെ.പി സഖ്യം അധികാരത്തിലെത്തുമെന്നാണ് സൂചന. ആർ.ജെ.ഡി നേതൃത്വം നൽകുന്ന മഹാസഖ്യത്തിനാണ് ഫലപ്രവചനക്കാർ മുൻതൂക്കം നൽകിയിരുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ പുറത്തുവന്ന വിവരങ്ങൾ ആ പ്രവചനം ശരിവയ്ക്കുന്നതായിരുന്നു താനും. പിന്നീട് പലകുറി ഇരുമുന്നണികളും മാറിമാറി മേൽക്കൈ നേടുന്ന സാഹചര്യമുണ്ടായി.
കഴിഞ്ഞ പതിനഞ്ചുവർഷമായി ബീഹാറിൽ ഭരണം കൈയാളുന്ന നിതീഷ് കുമാറിന് നാലാമൂഴം തരപ്പെടുമെന്നതാണ് ഇപ്പോൾ കരുതാവുന്ന സ്ഥിതിയെങ്കിലും, ജനസമ്മതിയിൽ കാര്യമായ ഇടിവ് സംഭവിച്ചുവെന്നു വേണം കരുതാൻ.
ഇത് തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന പ്രചാരണഘട്ടത്തിൽ അദ്ദേഹത്തിൽ നിന്നുണ്ടായ വാക്കുകൾക്ക് ഇപ്പോൾ അർത്ഥവ്യാപ്തി കൂടുകയാണ്. ജനതാദളിന് എത്ര കുറവ് സീറ്റുകൾ ലഭിച്ചാലും നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രിയാവുക എന്ന ബി.ജെ.പി നേതൃത്വത്തിന്റെ വാഗ്ദാനം മാത്രമാണ് അദ്ദേഹത്തിന് രക്ഷാകവചമാകാൻ പോകുന്നത്. പ്രവചനാതീതമായ ബീഹാർ രാഷ്ട്രീയത്തിൽ ഇക്കുറിയും രാഷ്ട്രീയ പണ്ഡിതന്മാരെ ആശ്ചര്യപ്പെടുത്തുന്ന ഒട്ടേറെ വികാസപരിണാമങ്ങൾ കാണാനാകും. ബി.ജെ.പിയുടെ ശക്തമായ മുന്നേറ്റമാണ് അതിൽ പ്രധാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 54 സീറ്റിലാണ് പാർട്ടിക്ക് ജയിക്കാനായത്. ഇത്തവണ അതിന്റെ പകുതിയോളം സീറ്റുകൾ അധികമായി കൂട്ടിച്ചേർക്കാനായത് വലിയ നേട്ടം തന്നെയാണ്.
അതേസമയം നിതീഷിന്റെ ജനതാദളിനാകട്ടെ വലിയ തോതിൽ സീറ്റുകൾ നഷ്ടമാവുകയും ചെയ്തു. ജനതാദളിന് നേരിട്ട ഇൗ നഷ്ടം ബി.ജെ.പിയാണ് നേട്ടമായി മാറ്റിയത്. നിതീഷിന്റെ ഭരണത്തോട് ജനങ്ങളിൽ വളർന്നുകൊണ്ടിരുന്ന അമർഷവും പ്രതിഷേധവും ഏറെ പ്രകടമായ തിരഞ്ഞെടുപ്പ് കൂടിയാണിത്. ബീഹാറിന്റെ വളർച്ചയ്ക്കും പുരോഗതിക്കുമായി അദ്ദേഹം ഒന്നര പതിറ്റാണ്ടിനിടെ ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാൽ കൊവിഡിനെത്തുടർന്നുണ്ടായ അസാധാരണ സാഹചര്യങ്ങൾ നേരിടുന്നതിൽ ഭരണകൂടം പാടേ പരാജയപ്പെട്ടു. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ബീഹാറിൽ മടങ്ങിയെത്തിയ തൊഴിലാളികൾക്കായി ഒന്നും ചെയ്തില്ലെന്ന ശക്തമായ ആക്ഷേപത്തിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയത്.
ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യവും രാഷ്ട്രീയ തന്ത്രങ്ങളുമാണ് ഇത്രയെങ്കിലും പിടിച്ചുനിൽക്കാൻ ജനതാദളിനെ സഹായിച്ചതെന്ന് നിസംശയം പറയാം. മുസ്ളിം സ്വാധീനമുള്ള സീമാഞ്ചലിൽ ഉൾപ്പെടെ പല മേഖലകളിലും ആർ.ജെ.ഡിയെ പിന്നിലാക്കാൻ സഹായകമായത് ബി.ജെ.പി തന്ത്രപൂർവം ഒരുക്കിയ രാഷ്ട്രീയക്കെണിയാണ്. അന്തരിച്ച രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയെ ഭരണമുന്നണിയിൽനിന്ന് അകറ്റിയതിന് പ്രധാനകാരണക്കാരൻ നിതീഷാണ്. പാസ്വാന്റെ പുത്രൻ ചിരാഗ് പാസ്വാനാണ് ഇപ്പോൾ ആ പാർട്ടിയെ നയിക്കുന്നത്. ഏവരും കരുതിയതുപോലെയുള്ള നേട്ടമുണ്ടാക്കാൻ എൽ.ജെ.പിക്ക് കഴിഞ്ഞില്ലെങ്കിലും ജനതാദളിന് സീറ്റുകൾ ഗണ്യമായി കുറയ്ക്കാൻ അവർക്ക് സാധിച്ചു.
മുഖ്യധാരയിൽ നിന്ന് പ്രായേണ അകന്നുനിന്നിരുന്ന ഇടതുകക്ഷികൾ ഇൗ തിരഞ്ഞെടുപ്പിൽ കാണിച്ച മുന്നേറ്റം അദ്ഭുതപ്പെടുത്തുന്നത് തന്നെയാണ്. ആർ.ജെ.ഡി സഖ്യത്തിലായിരുന്ന സി.പി.ഐ (എം.എൽ) സി.പി.എം, സി.പി.ഐ എന്നീ കക്ഷികൾ നേടിയ വിജയം അതീവ ശ്രദ്ധേയമാണ്. കൂട്ടത്തിൽ സി.പി.ഐ (എം.എൽ) കക്ഷിയുടേതാണ് ഏറ്റവും ഉജ്ജ്വലമായ വിജയം.
പതിവുപോലെ ബീഹാറിലും കോൺഗ്രസിന് കാര്യമായ സ്വാധീനം ഉറപ്പിക്കാനായില്ലെന്നത് സഹതാപമർഹിക്കുന്നു. ഏറെ സമ്മർദ്ദം ചെലുത്തി ആർ.ജെ.ഡിയിൽനിന്നു 70 സീറ്റ് ചോദിച്ചുവാങ്ങിയിട്ടും അവയിൽ മൂന്നിലൊന്നു സീറ്റിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. കഴിഞ്ഞതവണ നേടിയ 22 സീറ്റിലെ വിജയം മറികടക്കാൻ ഏറെ അദ്ധ്വാനിച്ചിട്ടും പാർട്ടിക്ക് സാധിച്ചില്ല. കോൺഗ്രസിന് എഴുപതുസീറ്റുകൾ നൽകിയതിൽ ആർ.ജെ.ഡിയിൽ മുറുമുറുപ്പുണ്ടായിരുന്നു. അതിന് അടിസ്ഥാനമുണ്ടായിരുന്നുവെന്ന് തെളിയിച്ചിരിക്കുകയാണ് കോൺഗ്രസ്. പൊരിഞ്ഞ പോരാട്ടത്തിലൂടെ നേടിയ സീറ്റുകളുടെ എണ്ണക്കണക്കിൽ ആർ.ജെ.ഡിക്ക് അഭിമാനിക്കാൻ വകയുണ്ടെങ്കിലും എൻ.ഡി.എ സഖ്യത്തിൽനിന്ന് ബീഹാർ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമം പാഴായി. ലാലുപ്രസാദ് യാദവിന്റെ ഇളയപുത്രനായ തേജസ്വിയാദവിന്റെ മാസ്മരിക നേതൃത്വവും വർദ്ധിച്ച ജനസമ്മതിയും അതിന് പര്യാപ്തമായതുമില്ല.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ബീഹാറിലെയും ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും ഫലങ്ങൾ ഏറെ ആഹ്ളാദിക്കാൻ വക നൽകുന്നതാണ്. മദ്ധ്യപ്രദേശിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം തുടരാനുള്ള സാഹചര്യവും കൈവന്നിട്ടുണ്ട്. 22 മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം സീറ്റിലും പാർട്ടി വിജയിച്ചിട്ടുണ്ട്. ഗുജറാത്ത്, ഝാർഖണ്ഡ്, യു.പി, കർണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും പാർട്ടിക്ക് അനുകൂലമാണ്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് മദ്ധ്യപ്രദേശിലെ പാർട്ടിയുടെ പുതിയ വിജയശില്പി.
കമൽനാഥ് സർക്കാരിനെ മറിച്ചിട്ട് മദ്ധ്യപ്രദേശിൽ അധികാരം പിടിച്ച ബി.ജെ.പിക്ക് ഇനി ശേഷിച്ചകാലം വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരാനാകും. വ്യക്തിപരമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇൗ തിരഞ്ഞെടുപ്പ് ഫലങ്ങൾ പകരുന്ന രാഷ്ട്രീയക്കരുത്ത് ഒട്ടും ചെറുതല്ല. നാലാമൂഴം ലഭിച്ചാലും നിതീഷ് കുമാറിന് സർവതന്ത്ര സ്വതന്ത്രമായി ഭരണം മുന്നോട്ടു കൊണ്ടുപോകാനാവുമോ എന്ന സംശയം ഇപ്പോഴേ ഉയരുന്നുണ്ട്. ബി.ജെ.പിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കും അദ്ദേഹം വഴങ്ങേണ്ടിവരും. ആർക്കും വഴങ്ങാത്ത പ്രകൃതക്കാരനായതിനാൽ ബി.ജെ.പിയുടെ നിലപാടുകളെ ആശ്രയിച്ചാകും നിതീഷിന്റെ കസേരയുടെ ഉറപ്പ്.