പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഓഫീസർക്ക് പരിക്ക്
കല്ലമ്പലം: അയിരൂർ, ഊന്നിന്മൂട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് ഇരുചക്ര വാഹനത്തിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തുന്ന പാരിപ്പള്ളി കരിമ്പാലൂർ അമീനുദ്ധീൻ മൻസിലിൽ വാടകയ്‌ക്ക് താമസിക്കുന്ന അയിരൂർ കുട്ടൻ എന്ന ഷിബുമോനെ (41) എക്‌സൈസ് പിടികൂടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഓഫീസർക്ക് പരിക്കേറ്റു. നാവായിക്കുളം സർക്കിൾ ഓഫീസിലെ സി.ഇ.ഒ ലിബിനാണ് പരിക്കേറ്റത്. പ്രതിയിൽ നിന്നും കഞ്ചാവും സ്‌കൂട്ടറും പിടിച്ചെടുത്തു. വർക്കലയിൽ കഞ്ചാവ് വിൽക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം കഞ്ചാവ് ചില്ലറ വില്പന നടത്താൻ കൊണ്ടുപോകുമ്പോഴാണ് ഷിബു പിടിയിലായത്. നാവായിക്കുളം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ. അഷ്‌റഫ്, സി.ഇ.ഒമാരായ ലിബിൻ, സജീർ. എസ്, വൈശാഖ്.വി, യശസ്. കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.