covid

തിരുവനന്തപുരം: ശ്വാസകോശത്തെ കൊവിഡ് ഗുരുതരമായി ബാധിക്കുന്നതിനാൽ രോഗമുക്തരാകുന്നവർക്ക് ശ്വസന വ്യായാമം അനിവാര്യമാണെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ ശ്വസന വ്യായാമങ്ങൾ ഗൗരവത്തോടെ കാണണം. കൊവിഡാനന്തരമുള്ള ശാരീരിക ബുദ്ധിമുട്ടികളെ അതിജീവിക്കാനും ഇത് സഹായിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് പൾമണറി റിഹാബിലിറ്റേഷന് ആരോഗ്യവകുപ്പ് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

 എപ്പോൾ തുടങ്ങാം?

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌ത ശേഷം ആരോഗ്യനില തൃപ്തികരമാണെങ്കിൽ വ്യായാമം ആരംഭിക്കാം. നെഞ്ചുവേദന, കിതപ്പ്, ക്ഷീണം, തലക്കറക്കം, നേരിയ തലവേദന എന്നിവ അനുഭവപ്പെട്ടാൽ ഉടൻ വ്യായാമം അവസാനിപ്പിക്കണം. ഓരോ വ്യായാമത്തിനിടയിലും മതിയായ വിശ്രമം വേണം. വ്യായാമങ്ങളും മറ്റു പ്രവർത്തനങ്ങളും ചെയ്യുമ്പോൾ ഹൃദയമിടിപ്പും ശരീരത്തിലെ ഓക്‌സിജന്റെ നിലയും മനസിലാക്കാൻ പൾസ് ഓക്‌സിമീറ്റർ ഉപയോഗിക്കാം.


1. ഡയഫ്രം ഉപയോഗിച്ചുള്ള ശ്വസനം

കാൽ മുട്ടിനടിയിൽ ഒരു തലയിണവച്ച് നിവർന്നു കിടക്കുക. ഒരു കൈ നെഞ്ചിന്റെ ഭാഗത്തും മറ്റേത് വയറിന്റെ മുൻഭാഗത്തും വയ്‌ക്കുക. നെഞ്ചും വയറും വികസിക്കുന്ന വിധത്തിൽ മൂക്കിലൂടെ പരമാവധി ശ്വാസം ഉള്ളിലേക്കെടുക്കുക. തുടർന്ന് സാവധാനം വായിലൂടെ ശ്വാസം പുറത്തേക്ക് വിടുക. വയറിലും നെഞ്ചിലും വച്ചിരിക്കുന്ന കൈകൾ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ മുകളിലേക്കും പുറത്തേക്ക് വിടുമ്പോൾ അകത്തേക്കും പോകുന്നത് ശ്രദ്ധിക്കുക. ഇത് ഒരു മിനിറ്റ് തുടരണം. തുടർന്ന് 30 സെക്കൻഡ് വിശ്രമിക്കുക. ആദ്യം ഒരു തവണ മാത്രം ചെയ്യേണ്ട പരിശീലനം ക്രമേണ എണ്ണം കൂട്ടാം.

2. ഇൻസെന്റീവ് സ്‌പൈറോമെട്രി

ഡോക്ടറുടെ നിർദ്ദേശാനുസരണമാണ് ഇൻസെന്റീവ് സ്‌പൈറോമെട്രി ശ്വസന വ്യായാമം ചെയ്യേണ്ടത്. ഒരു ദിവസം 15 മിനിറ്റ് ഇൻസെന്റീവ് സ്‌പൈറോമീറ്ററുപയോഗിച്ച് ശ്വസന വ്യായാമം ചെയ്യണം. അതിനായി 5 മിനിറ്റ് വീതമുള്ള 3 സെഷനുകളായി വിഭജിച്ച് ചെയ്യാം.

കസേരയിൽ അല്ലെങ്കിൽ കിടക്കയുടെ അറ്റത്തായി മുതുക് നിവർന്നിരിക്കണം. സ്‌പൈറോമീറ്റർ മുഖത്തിനു അഭിമുഖമായി നേരെ പിടിക്കുക. സാധാരണ ഗതിയിൽ ശ്വാസം പുറത്തേക്ക് വിടുക. സ്‌പൈറോമീറ്ററിന്റെ വലിക്കുന്ന വായ് ഭാഗം വായ്‌ക്കുള്ളിലാക്കി ചുണ്ടുകൾ ചേർത്ത് മുറുക്കി പിടിക്കണം. സാവധാനത്തിലും ആഴത്തിലും ശ്വാസം വായ് വഴി ഉള്ളിലേക്കെടുക്കുക.
നിർദ്ദിഷ്ട മാർക്കിംഗിന് മുകളിൽ ഉയരുന്ന പന്ത് അല്ലെങ്കിൽ പിസ്റ്റൺ ശ്രദ്ധിക്കുക. കഴിയുന്നിടത്തോളം കുറഞ്ഞത് 5 സെക്കൻഡെങ്കിലും ശ്വാസം പിടിച്ചുവയ്ക്കുക. സ്‌പൈറോമീറ്ററിന്റെ വലിക്കുന്ന ഭാഗം വായിൽ നിന്നെടുത്ത് മാറ്റി സാവധാനം ഉച്ഛ്വാസ വായു പുറത്തു വിടണം. വിശ്രമത്തിന് ശേഷം കുറഞ്ഞത് 10തവണ ആവർത്തിക്കണം.