തിരുവനന്തപുരം: രണ്ടുവർഷം മുമ്പ് അവയവദാനം നടത്തിയ ബന്ധുവിന്റെ മരണത്തിൽ സംശയം ഉന്നയിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പെരുമ്പഴതൂർ സരസ്വതി വിലാസം ബംഗ്ലാവിൽ മധുവിന്റെ ഭാര്യ സന്ധ്യയുടെ (40)​ അസ്വാഭാവിക മരണത്തിലാണ് അന്വേഷണം. സനൽകുമാർ ശശിധരന്റെ അച്ഛന്റെ സഹോദരിയുടെ മകളായ സന്ധ്യ 7ന് വൈകിട്ടാണ് മരിച്ചത്. കൊവിഡായിരുന്നെന്നും ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് മരിച്ചതെന്നും വിവരം ലഭിച്ചു. എന്നാൽ പിന്നീട് സംഭവിച്ചതെല്ലാം ദുരൂഹത വർദ്ധിപ്പിക്കുന്നതായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നു. മൃതദേഹം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഒരുദിവസം സൂക്ഷിച്ചു. മൃതദേഹത്തിൽ വലതു കൈത്തണ്ടയിൽ ചതവുപോലുള്ള ഒരു പാടും ഇടത് കണ്ണിന് താഴെയായി ചോരപ്പാടും കഴുത്തിൽ വരഞ്ഞപോലുള്ള പാടും കണ്ടതിനെ തുടർന്ന് ഫോട്ടോ എടുക്കണമെന്ന് താൻ ആവശ്യപ്പെട്ടപ്പോൾ പൊലീസുകാർ ബലം പ്രയോഗിച്ച് പുറത്താക്കി. ഇവ ഇൻക്വസ്റ്റിൽ എഴുതണമെന്ന് ആവശ്യപ്പെട്ടപ്പോൾ എല്ലാം എഴുതിയിട്ടുണ്ടെന്നും വായിച്ച് കേൾപ്പിക്കാൻ സാദ്ധ്യമല്ലെന്നും പൊലീസുകാർ പറഞ്ഞെന്നും പരാതിയിലുണ്ട്. സന്ധ്യയുടെ സഹോദരനോട് ഒരു വെള്ളക്കടലാസിൽ ഒപ്പിട്ടുകൊടുക്കാൻ പറഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവർ ശബ്ദമുയർത്തി. അതോടെ സഹോദരനെ ബലമായി പുറത്താക്കാൻ ശ്രമിച്ചു. തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നെയ്യാറ്റിൻകര ആശുപത്രിയിൽ വച്ച് കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും തിങ്കളാഴ്ചത്തെ ടെസ്റ്റ് ഫലം കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ചു. സന്ധ്യ 2018ൽ കരൾ രഹസ്യമായി 10 ലക്ഷം രൂപയ്‌ക്ക് ഒരാൾക്ക് വിറ്റെന്നാണ് അറിഞ്ഞത്. ഇക്കാര്യം ശസ്ത്രക്രിയ കഴിയുന്നതുവരെ ഭർത്താവിനെയോ സഹോദരനെയോ മറ്റ് ബന്ധുക്കളെയോ അറിയിച്ചിരുന്നില്ലെന്നതും ദുരൂഹമാണ്. വീട്ടിൽ ആരോടും പറയാതെ സന്ധ്യ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയെന്നതടക്കമുള്ള കാര്യങ്ങൾ വിശ്വസനീയമല്ലെന്നും അവയവദാന മാഫിയയുടെ പങ്ക് ഇതിലുണ്ടോയെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.