hh

പേരൂർക്കട: രണ്ടുദിവസമായി അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് എട്ടരപ്പവന്റെ സ്വർണം കവർന്നു. നാലാഞ്ചിറ പുന്നൂർക്കോണം അഭ്രാ ഗാർഡൻസ് എസ്.ആർ.എ 98ൽ അൻസാറിന്റെ വീട്ടിലാണ് സംഭവം. ഒറ്റനില വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. അൻസാറും കുടുംബവും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വെഞ്ഞാറമൂട്ടിലെ ബന്ധുവീട്ടിൽ പോയിരുന്നു. ഞായറാഴ്ച രാത്രി തിരികെയെത്തിയപ്പോഴാണ് വാതിൽ പൊളിച്ചനിലയിൽ കണ്ടെത്തിയത്. മണ്ണന്തല പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളുടേതെന്നു സംശയിക്കുന്ന വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. ആയുധങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് മണ്ണന്തല സി.ഐ ജി.പി. സജുകുമാർ പറഞ്ഞു.