arrest-vipin

മലയിൻകീഴ്: തച്ചോട്ടുകാവ് മച്ചിനാട് കുളത്തിന് സമീപം അഞ്ജനത്തിൽ അനിൽകുമാറിന്റെ (45) മരണം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി വിളപ്പിൽശാല പേയാട് പ്ലാവറക്കോണം ലക്ഷ്മീ ശ്രീശൈലത്തിൽ വിപിനെ(30) മലയിൻകീഴ് പൊലീസ് അറസ്റ്റുചെയ്തു. വിളവൂർക്കൽ കവലോട്ടുകോണം ഹോമിയോ ആശുപത്രിക്ക് സമീപം എസ്.എൻ ഭവനിൽ വാടകയ്ക്കാണ് വിപിൻ താമസിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അനിൽകുമാറിന്റെ വീട്ടിലെത്തിയ വിപിൻ ജോലിക്കെന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയിരുന്നു. എന്നാൽ പിറ്റേ ദിവസം രാവിലെ തച്ചോട്ടുകാവ് തടിമില്ലിന് സമീപം അനിൽകുമാറിനെ റോഡ് സൈഡിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി അനിൽകുമാറിനെ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അന്ന് വൈകിട്ടോടെ മരിച്ചു. പിതാവ്: റസാലം,​ മാതാവ്: ലീല. ഭാര്യ: റീന. മക്കൾ : അ‌ഞ്ജന,അർച്ചന. അനിൽകുമാറിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും തലയിൽ മുറിവുമുണ്ടായിരുന്നതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന വിപിനെ ഞായറാഴ്ച രാത്രി വഴുതക്കാടു ഭാഗത്ത് നിന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ് കുമാർ, മലയിൻകീഴ് സി.ഐ അനിൽകുമാർ, എസ്.ഐ.രാജേഷ്,ഗ്രേഡ് എസ്.ഐ മണിക്കുട്ടൻ, സതികുമാർ, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

കൊലപാതകം തർക്കത്തിനിടെ

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സെപ്ടിക് ടാങ്ക് ക്ലീനിംഗ് ജോലിയുൾപ്പെടെ ചെയ്യുന്ന അനിൽകുമാറിനെ വീട്ടിൽ നിന്ന് പണിക്കെന്ന് പറഞ്ഞ് വിളിച്ചിറക്കി കൊണ്ടുപോയ ശേഷം മച്ചിനാട് റസിഡന്റ്സ് അസോസിയേഷന് സമീപമുള്ള പണി പൂർത്തിയാകാത്ത വീട്ടിലിരുന്ന് ഇരുവരും മദ്യപിച്ചു. ഇതിനിടെ പണിക്കാര്യത്തെപ്പറ്റി വാക്കുതർക്കമുണ്ടായി. ക്രൂരമായി മർദ്ദിച്ച ശേഷം കല്ലും തടിക്കഷ്‌ണങ്ങളും ഉപയോഗിച്ച് അടിക്കുകയും മരിച്ചെന്ന് കരുതി അവിടെ നിന്നും വിപിൻ മുങ്ങുകയുമായിരുന്നു. കൊലയ്‌ക്ക് പിന്നിൽ താൻ ഒറ്റയ്‌ക്കാണെന്നാണ് വിപിൻ പൊലീസിൽ മൊഴി നൽകിയത്. ശാരീരിക അസ്വസ്‌തത പ്രകടപ്പിച്ച പ്രതിയെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് മെഡിൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് നൽകിയ അപേക്ഷയെ തുടർന്ന് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡ് രേഖപ്പെടുത്തി. ഡിസ്ചാർജ് ചെയ്തശേഷം കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് കോടതിയിൽ അപേക്ഷ നൽകും.