ss

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം വാഹനത്തിൽ ഇരുന്നയാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ടുപേർ മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായി. ടാഗോർ ഗാർഡൻസ്‌ തോപ്പിൽ പുതുവൽ പുത്തൻവീട്ടിൽ അമ്പാടി എന്ന അരവിന്ദ് രാജ് ( 21), കുമാരപുരം പടിഞ്ഞാറ്റിൽ ലെയിൻ സി.എസ് നിവാസിൽ ലല്ലു എന്ന സുജിൻ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ശ്രീകാര്യം കൈരളി നഗർ സ്വദേശിയായ അമൽഗീതും അച്ഛനുമായി കാറിൽ വരുമ്പോഴായിരുന്നു സംഭവം. മെഡിക്കൽ കോളേജിന് സമീപം കാർ നിറുത്തിയശേഷം അച്ഛൻ പുറത്തേക്ക് പോയപ്പോൾ പ്രതികൾ ബൈക്കിലെത്തി അമൽഗീതിനെ ഭീഷണിപ്പെടുത്തി 300 രൂപ തട്ടിയെടുത്തു. സംഭവത്തിന്‌ ശേഷം രക്ഷപ്പെട്ട പ്രതികളെ മെഡിക്കൽ കോളേജ് ചാലക്കുഴി ഓട്ടോ സ്റ്റാൻഡിന് സമീപത്ത് നിന്നു പിടികൂടുകയായിരുന്നു. പ്രതികളുടെ പേരിൽ മെഡിക്കൽ കോളേജ്, പേട്ട പൊലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകൾ നിലവിലുണ്ട്.