dd

കിളിമാനൂർ: ലോക്ക് തുറന്നു ആളുകൾ പുറത്തു ഇറങ്ങിയിട്ടും ട്രാവൽ ഏജൻസികളുടെ ദുരിതം തീരുന്നില്ല. തൊഴിൽ നഷ്ടത്തിനും വരുമാന നഷ്ടത്തിനും പുറമേ ബുക്ക്‌ ചെയ്തു കൊടുത്ത വിമാനടിക്കറ്റ് കാൻസൽ ചെയ്യാനാകാതെ ഇക്കൂട്ടർ മാനസിക സംഘർഷത്തിലുമാണ്.

വിമാന, ടൂറിസ്റ്റ്, ബസ്, ട്രെയിൻ ടിക്കറ്റുകൾ ബുക്ക്‌ ചെയ്തു കൊടുക്കുന്നതാണ് ഇപ്പോൾ ട്രാവൽ ഏജൻസികളുടെ പ്രധാന ജോലി.

ടൂറിസം രംഗത്തും സജീവം

ജീവനക്കാരെ നിയമിച്ചു ആധുനിക സാങ്കേതിക വിദ്യകൾ ഒരുക്കിയാണ് ഭൂരിഭാഗം ട്രാവൽ ഏജൻസികളും പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ എത്തിയതോടെ അവയെല്ലാം പൂട്ടിക്കെട്ടേണ്ട അവസ്ഥയായി. വേനലവധിയും ഓണം ഉൾപ്പെടെയുള്ള സീസണും കൊവിഡ് കവർന്നു. നിയന്ത്രണങ്ങൾ മാറി ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നെങ്കിലും കാര്യമായ ബുക്കിങ്ങുകളില്ല. യാത്ര ടിക്കറ്റുകൾക്കും കാര്യമായ ആവശ്യക്കാരില്ല.

റീ ഫണ്ട് നൽകുന്നില്ല

ലോക്ക് ഡൗണിനു മുൻപ് ബുക്ക്‌ ചെയ്ത വിമാന ടിക്കറ്റുകൾ റീഫണ്ട് ചെയ്യാൻ കഴിയാതെ കിടക്കുകയാണ്. യാത്ര മുടങ്ങിയവർ പണത്തിനു വേണ്ടി ട്രാവൽ ഏജൻസികൾക്ക് മുന്നിൽ എത്തുന്നു. എന്നാൽ കമ്പനികൾ റീഫണ്ട് ചെയ്യുന്നില്ല. ഒരു വർഷത്തിനകം യാത്ര ചെയ്യാൻ അനുമതി ഉണ്ടെന്നാണ് അവരുടെ നിലപാട്. മാർച്ചിലെ വേനൽ അവധി തുടങ്ങിയാൽ രണ്ടു മാസം വിദേശത്തു പോകാനാണ് ഭൂരിഭാഗം പേരും ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നത്. ഈയൊരവസ്ഥയിൽ അവരൊന്നും ഇനി യാത്രയ്ക്ക് തയ്യാറാകില്ല.