നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പൊതുശ്‌മശാനം നിർമ്മിക്കുമെന്നുള്ള വാഗ്ദാനം പതിരായതോടെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂടായ്മയായ ഫ്രാൻ പ്രതിഷേധവുമായി രംഗത്ത്. ഈ നഗരസഭയുടെ ഭരണം അവസാനിക്കുന്ന ഇന്ന് ഭരണസമിതിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രതിഷേധിക്കാനാണ് സംഘടനയുടെ തീരുമാനം.
രണ്ടുപതിറ്റാണ്ടിലധികമായി മാറിവരുന്ന ഭരണസമിതികളെല്ലാം ശ്മാശാന നിർമ്മാണത്തിൽ നിന്ന് ഒളിച്ചോടുന്നതായാണ് ജനങ്ങൾ ആരോപിക്കുന്നത്. വിവിധ സമുദായ സംഘടനകൾക്ക് വെവ്വേറെ ശ്മാശാനങ്ങൾ ഉണ്ടെങ്കിലും പൊതു ശ്‌മശാനം എന്നതുമാത്രം നെയ്യാറ്റിൻകരയ്ക്ക് അന്യമാണ്.
ബ്രാഹ്മണ സമുദായത്തിന്റെ ശ്‌മശാനത്തിന് സമീപം പൊതുശ്‌മശാനം നിർമ്മിക്കാൻ മുമ്പ് നഗരസഭ തീരുമാനിച്ചെങ്കിലും എതിർപ്പുകൾ കാരണം നടന്നില്ല. തൊഴുക്കലിൽ നടത്തിയ ശ്രമവും എതിർപ്പിലാണ് അവസാനിച്ചത്. നിർദ്ധനരായ ജനങ്ങളാണ് ശ്മശാനം ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. ഇവർക്ക് സംസ്കാര ചടങ്ങുകൾ നടത്തണമെങ്കിൽ തിരുവനന്തപുരം ശാന്തി കവാടം മാത്രമാണ് ഏക ആശ്രയം. ഭീമമായ തുകയാണ് ഇത്തരത്തിൽ ഇവർക്ക് ചെലവാകുന്നത്. നഗരസഭയ്ക്ക് പുറത്ത് പല പഞ്ചായത്തുകളിലും പൊതുശ്‌മശാനം ഉള്ളപ്പോഴാണ് 44 വാർഡുകളുള്ള നഗരസഭ സ്ഥിരമായി അവഗണിക്കപ്പടുന്നത്.
തുക വകമാറ്റുന്നു
മുൻ യു.ഡി.എഫ് ഭരണസമിതിയും ഇപ്പോഴത്തെ എൽ.ഡി.എഫ് ഭരണ സമിതിയും ശ്‌മശാനം സ്ഥാപിക്കുന്നതിനായി വാർഷിക ബഡ്ജറ്റുകളിൽ തുക വകയിരുത്തിയിരുന്നെങ്കിലും ഇതെല്ലാം വകമാറ്റി ചെലവഴിക്കുകയായിരുന്നു. ഈ തിരഞ്ഞെടുപ്പിലാകട്ടെ ശ്മശാനം സ്ഥാനാർത്ഥികൾ കാര്യമായ പ്രചാരണ വിഷയമാക്കുന്നുമില്ല. ഇതിനെതിരെയാണ്
ഫ്രാനിന്റെ നേതൃത്വത്തിൽ സമരം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് എൻ.ആർ.സി.നായർ, സെക്രട്ടറി എസ്.കെ .ജയകുമാർ എന്നിവർ നേതൃത്വം നൽകും.