തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. വോട്ടെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ഇന്നലെ പൂർത്തിയായി. വോട്ടെണ്ണൽ കഴിയുംവരെ കനത്ത സുരക്ഷയിലാകും ഇനി മെഷീനുകൾ സൂക്ഷിക്കുക.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ മേൽനോട്ടത്തിൽ ഇലക്ട്രോണിക് കോർപറേഷൻ ഒഫ് ഇന്ത്യാ ലിമിറ്റഡിലെ എൻജിനീയർമാരാണ് വോട്ടിംഗ് മെഷീനുകളുടെ സാങ്കേതിക പരിശോധന പൂർത്തിയാക്കിയത്. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ സാമുവൽ പരിശോധനാ നടപടികൾ ഏകോപിപ്പിച്ചു.
ആദ്യ ഘട്ട പരിശോധന
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന കേബിൾ,കണക്ടർ,അവ കൊണ്ടുപോകുന്നതിനുള്ള പെട്ടി എന്നിവ പരിശോധിച്ച് കേടില്ലെന്ന് ഉറപ്പുവരുത്തും.
പരിശോധിച്ചത്
കൺട്രോൾ യൂണിറ്റിന്റെയും ബാലറ്റ് യൂണിറ്റിന്റെയും എല്ലാ സ്വിച്ചുകളും ഫ്‌ളാപ്പുകളും സീൽ ചെയ്യുന്നതിനുള്ള ഭാഗങ്ങളും പരിശോധന പൂർത്തിയാക്കിയ കൺട്രോൾ യൂണിറ്റ് മുദ്രവച്ചു.
വോട്ടിംഗ്
പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കും. ത്രിതല പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളുമുണ്ടാകും. 2859 കൺട്രോൾ യൂണിറ്റുകളും 8651 ബാലറ്റ് യൂണിറ്റുകളുമാണ് ജില്ലയിൽ ഉപയോഗിക്കുന്നത്. മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുക.