ed

തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്താനുള്ള നീക്കത്തിൽ വിശദീകരണം ആവശ്യപ്പെട്ടുള്ള നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് മറുപടി നൽകിയേക്കും.

എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ പി. രാധാകൃഷ്ണൻ നായർക്കെതിരെയാണ് നിയമസഭയുടെ അവകാശ ലംഘനം ചൂണ്ടിക്കാട്ടി സി.പി.എം അംഗം ജെയിംസ് മാത്യു സഭാസമിതിക്ക് പരാതി നൽകിയിരുന്നത്. അടിയന്തരമായി ചേർന്ന എത്തിക്സ് കമ്മിറ്റി പരാതി പരിഗണിച്ച് വിശദീകരണം തേടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, രാധാകൃഷ്ണൻ നായർക്ക് പകരം മനീഷ് ഗോദാര പുതിയ ഇ.ഡി അസി. ഡയറക്ടറായി ചുമതലയേറ്റിരിക്കുകയാണ്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിലെ ആരോപണമടക്കമുള്ള കള്ളപ്പണ ഇടപാട് കേസുകളിപ്പോൾ അന്വേഷിക്കുന്നത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

വടക്കാഞ്ചേരിയിലെ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിൽ സംസ്ഥാനത്തെ ഭൂരഹിത, ഭവനരഹിതർക്കായുള്ള ലൈഫ് മിഷൻ പദ്ധതിയെയാകെ തടസ്സപ്പെടുത്താനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും ,ഇത് മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയ്ക്ക് നൽകിയ ഉറപ്പ് പാലിക്കുന്നതിനെ തടസ്സപ്പെടുത്തുന്നതാണെന്നുമാണ് ജെയിംസ് മാത്യുവിന്റെ പരാതി . എന്നാൽ, ചട്ടലംഘനമുണ്ടായിട്ടില്ലെന്ന നിലപാടാണ് ഇ.ഡിയുടേതെന്നാണ് വിവരം.