തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നാളെ മുതൽ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാം. പത്രികാ സമർപ്പണത്തിനായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളും കോർപ്പറേഷനിലും വരണാധികാരികളെ നിശ്ചയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. നാളെ മുതൽ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയ്‌ക്കാണ് പത്രികകൾ സമർപ്പിക്കേണ്ടത്. ഇതിനു മുമ്പോ ശേഷമോ ലഭിക്കുന്ന പത്രികകൾ സ്വീകരിക്കില്ല. 20നാണ് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന. 23 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സമയമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വരണാധികാരി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയാണ്. 26 ഡിവിഷനുകളിലേയും നാമനിർദ്ദേശ പത്രികകൾ ജില്ലാ കളക്ടറാകും സ്വീകരിക്കുക. നഗരസഭയിൽ ഒന്നു മുതൽ 25 വരെ വാർഡുകളുടെ വരണാധികാരി ജില്ലാ പ്ലാനിംഗ് ഓഫിസറാണ്. കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലാണ് ഓഫീസ്. സിവിൽ സ്റ്റേഷനിൽത്തന്നെ ഓഫിസ് പ്രവർത്തിക്കുന്ന ജില്ലാ സപ്ലൈ ഓഫിസറാണ് 26 മുതൽ 50 വരെ വാർഡുകളുടെ വരണാധികാരി. 51 മുതൽ 75 വരെ വാർഡുകളിൽ മത്സരിക്കുന്നവർ സബ് കളക്ടർക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കണം. 76 മുതൽ 100 വരെ ഡിവിഷനുകളുടെ വരണാധികാരി ജില്ലാ ലേബർ ഓഫീസറാണ്. പി.എം.ജിയിലെ തൊഴിൽ ഭവനിലാണ് ഓഫീസ്.