തൃശൂർ: റെയ്ഡിനെത്തിയ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് നേരെ കത്തി വീശിയ പ്രതിയെ ബലപ്രയോഗത്തിലൂടെ മയക്കുമരുന്ന് സഹിതം എക്സൈസ് പിടികൂടി. കൊലപാതകശ്രമം അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലുമായി ആറ് കേസുകളിൽ പ്രതിയായ കുന്നംകുളം ചെമ്മണ്ണൂർ മമ്പറമ്പത്ത് വീട്ടിൽ മുകേഷാണ് (22) മാരക സിന്തറ്റിക് മയക്കുമരുന്നായ 1.5 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
തിങ്കളാഴ്ച രാത്രി കണ്ടാണശ്ശേരിയിലായിരുന്നു സംഭവം. കണ്ടാണശ്ശേരി മേഖലയിൽ വൻ തോതിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വിദ്യാർത്ഥികളുടെയും യുവതീ യുവാക്കളുടെയും ഇടയിൽ പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ഈ മയക്കുമരുന്ന് ഒറ്റത്തവണ ഉപയോഗിച്ചാൽ 24 മണിക്കൂർ വരെ ഉന്മാദാവസ്ഥ നിലനിൽക്കും.
ബംഗളൂരുവിൽ നിന്നും വരുന്ന വിദ്യാർത്ഥികളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് ലോബി ഈ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നത്. സാമ്പത്തിക ശേഷിയുളള യുവാക്കളാണ് ഇവരുടെ വലയിൽ വീഴുന്നത്. ഒരു തവണ ഉപയോഗിച്ചാൽ തന്നെ ലഹരിക്കടിമയായി തീരും. ഈ മയക്കുമരുന്ന് കൈവശം വെയ്ക്കുന്നത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. മയക്കുമരുന്ന് കുറ്റവാളികൾ ക്രിമിനൽ സ്വഭാവമുള്ളവരാകയാൽ വളരെയധികം അപായസാദ്ധ്യതയാണ് ഇത്തരം പരിശോധനകളിലും ഉണ്ടാകുന്നതെന്നും രണ്ടാഴ്ച മുമ്പും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് രക്ഷപ്പെടാൻ വിഫലശ്രമം നടന്നിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
റെയ്ഡ് നടത്തിയ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജീൻ സൈമൺ, പ്രിവന്റീവ് ഓഫീസർ ടി.എസ്. സുരേഷ്കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ഡിക്സൺ, ശിവൻ, സിവിൽ എക്സൈസ് ഓഫീസർ അനീഷ് ഡ്രൈവർ അബ്ദുൾ റഫീക്ക് എന്നിവരും ഉണ്ടായിരുന്നു.