chennithala

തിരുവനന്തപുരം: ബിജുരമേശിന്റെ ആരോപണത്തെത്തുടർന്ന് ബാർകോഴക്കേസിൽ തനിക്കും മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെയും വിജിലൻസ് അന്വേഷണം നടത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്തയച്ചു. ആരോപണത്തെക്കുറിച്ച് വിജിലൻസ് രണ്ടു തവണ അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കണ്ടത്തിയതാണ്. ഇതേ വിഷയത്തിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിലും ഹൈക്കോടതിയിലും കേസുകൾ നിലവിലുണ്ട്. നേരത്തേ വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടുകളിലും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും തെളിവില്ലെന്നും വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം വീണ്ടും അന്വേഷിക്കാനുള്ള നീക്കം രാഷ്ട്രീയപ്രേരിതവും നിയമസാധുതയില്ലാത്തതുമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേസമയം അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ടുള്ള ഫയൽ ഇതുവരെ രാജ്ഭവനിലേക്ക് അയച്ചിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.