kerala-cabinet-

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ പതിവ് മന്ത്രിസഭായോഗം ഇന്ന് ചേരും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള വികസനപദ്ധതികളടക്കമുള്ളവയിൽ മന്ത്രിസഭയ്‌ക്ക് തീരുമാനമെടുക്കാനാവില്ല. പുതിയ നിയമനങ്ങൾ നടത്താനും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനും മന്ത്രിസഭയ്‌ക്കാകില്ല. നിലവിലെ പദ്ധതികളുടെ പുരോഗതി വിലയിരുത്താനും കൊവിഡ് അടക്കമുള്ള പ്രതിരോധനടപടികൾ പരിശോധിക്കാനുമാകും.

മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനം നടത്താൻ മുഖ്യമന്ത്രിക്ക് സാധിക്കുമെങ്കിലും സർക്കാർവേദി രാഷ്ട്രീയ തീരുമാനങ്ങൾക്കായി ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇത്തരം ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചാൽ പരിശോധിച്ച് തുടർനടപടിയെടുക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകൂർ അനുമതിയോടെ അത്യാവശ്യമുള്ള പദ്ധതികളുമായി സർക്കാരിന് മുന്നോട്ട് പോകാം.