മട്ടന്നൂർ: 22,20750 രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ഇന്നലെ പുലർച്ചെ 3.30 ന് ദുബായിയിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ അബ്ദുൾ സനാഫാണ് അറസ്റ്റിലായത്.
ചെക്കിംഗിനിടെ സംശയം തോന്നിയ ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഈയാൾ 423 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ചു വച്ചതായി സ്ഥിരീകരിച്ചത്. ഈ മാസം കഴിഞ്ഞ ദിവസങ്ങളിലായി ഒരു കോടിയിലധികം വരുന്ന 2181 ഗ്രാം സ്വർണം വിമാനയാത്രക്കാരിൽ നിന്നായി കസ്റ്റംസ് പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് അരൂർ കക്കട്ടിൽ സ്വദേശി അബ്ദുൾ റഹീമിൽ 1457 ഗ്രാം സ്വർണവും വ്യാഴാഴ്ച ദുബായിൽ നിന്നെത്തിയ കാസർകോട് ചെങ്കളയിലെ സൽമാൻ ഫാരിസിൽ നിന്ന് 624 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടിയിരുന്നു. കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. .