dd

കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യാ കേസിൽ ഹൈക്കോടതി തീരുമാനം കാത്ത് ക്രൈം ബ്രാഞ്ചും റംസിയുടെ കുടുംബവും. കേസിൽ പ്രതികളായ സീരിയൽ നടി ലക്ഷ്മി പ്രമോദ് ഉൾപ്പെടെയുള്ളവർക്ക് മുൻകൂർ ജാമ്യം അനുവദിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ ഫയൽ ചെയ്ത അപ്പീലിലാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതി തീരുമാനം കാത്തിരിക്കുന്നത്.

കേസിലെ ഒന്നാംപ്രതി ഹാരിസും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹാരിസിനൊപ്പം മാതാവ് ആരിഫാ ബീവി, സഹോദരൻ അസറുദ്ദീൻ, അസറുദ്ദീന്റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. മുൻകൂർ ജാമ്യത്തിനെതിരെ ക്രൈബ്രാഞ്ച് അപ്പീൽ ഹർജിയിൽ ഹൈക്കോടതി മുൻപാകെ സീരിയൽ നടിയും കൂട്ടരും വിശദീകരണം സമർപ്പിച്ചെങ്കിലും ഹർജി പിന്നീട് കോടതിയുടെ പരിഗണനയ്ക്ക് എത്തിയില്ല. അതേസമയം കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തി.

ഹാരിസ് റംസിയെ കൂട്ടിക്കൊണ്ടുപോയ സ്ഥലങ്ങളിലും സാമ്പത്തിക ഇടപാടുകൾക്കായി പോയ ധനകാര്യ സ്ഥാപനങ്ങളിലുമെല്ലാം ക്രൈംബ്രാഞ്ച് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. പല സഥലങ്ങളിൽ നിന്നും സി.സി ടി.വി കാമറ ദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകൾ സമാഹരിക്കാൻ ക്രൈംബ്രാഞ്ചിനായിട്ടുണ്ട്. ഹാരിസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടില്ലെന്ന് ഉറപ്പായതോടെ കോടതിഅനുമതിയോടെ ജയിലിലെത്തി ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം ഇയാൾക്കെതിരെ പരമാവധി തെളിവുകൾ ശേഖരിച്ചതായാണ് വിവരം.

നടിയുൾപ്പെടെ ഹാരിസിന്റെ കുടുംബാംഗങ്ങൾക്ക് സംഭവത്തിലുള്ള ബന്ധം തെളിയിക്കാൻ കഴിയുന്ന നിരവധി സൂചനകൾ ലഭിച്ചതായും അന്വേഷണ സംഘം പറയുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് ഹാരിസ് പിന്മാറിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് റംസി ജീവനൊടുക്കിയത്. റംസിയുടെ മരണത്തിലും ഗർഭച്ഛിദ്രത്തിന് പിന്നിലും നടിയുൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്ന റംസിയുടെ കുടുംബവും ഹൈക്കോടതിയിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ജസ്റ്റീസ് ഫോർ റംസിയെന്ന സംഘടനയും റംസിയ്ക്കും കുടുംബത്തിനും നീതിക്കായി രംഗത്തുണ്ട്.