തിരുവനന്തപുരം: വഴുതക്കാട്ടെ ആഡംബര ഫ്ളാറ്റിൽ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ രഹസ്യവിരുന്നിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനും പങ്കെടുക്കാറുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേത്തുടർന്ന്, സർക്കാർ കർശനമായ താക്കീതുമായി രംഗത്തെത്തി.
കഴിഞ്ഞ ദിവസം വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സർക്കാർ ഫയലുകളിൽ നിന്നുള്ള വിവരങ്ങൾ ചോരരുതെന്ന് വകുപ്പ് സെക്രട്ടറിമാർക്ക് കർശന നിർദേശം നൽകി. എവിടെ നിന്നാണ് വിവരങ്ങൾ ചോരുന്നതെന്നറിയാമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. ഉത്തമ ബോദ്ധ്യത്തിൽ തീരുമാനമെടുക്കുന്നതിന് ഉദ്യോഗസ്ഥർക്ക് സംരക്ഷണമുണ്ടാവും. അനാവശ്യ ആശങ്കകൾ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ പദ്ധതികളെക്കുറിച്ച് കേന്ദ്ര അന്വേഷണം മുറുകിയ സാഹചര്യത്തിലാണ് വകുപ്പ് സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചതെന്നാണ് സൂചന. സ്‌പ്രിൻക്ളർ മുതൽ ലൈഫ് മിഷൻ വരെയുള്ള പദ്ധതികളുടെ വിവരങ്ങൾ ചോർന്നത് സർക്കാരിന്റൈ പ്രതിരോധത്തെ ബാധിച്ചിരുന്നു. ഇതിനിടയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ രഹസ്യ യോഗത്തിൽ നിന്ന് നിർണായകമായ പല വിവരങ്ങളും പ്രതിപക്ഷത്തിനും കേന്ദ്രത്തിനും ചോർന്ന് പോകുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം വന്നത്. യോഗത്തിൽ കേന്ദ്ര സർക്കാരുമായി ബന്ധമുള്ള ഐ.പി.എസ്.ഒാഫീസറും പങ്കെടുക്കുന്നുണ്ട്. സ്വർണക്കടത്ത്, ലൈഫ് പദ്ധതിയിലെ കോഴ തുടങ്ങിയവയിൽ സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം കടുപ്പിച്ചിരിക്കെ, നിർണായക വിവരങ്ങൾ ചോരുന്നത് സർക്കാരിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. റൂൾസ് ഒഫ് ബിസിനസ് പരിഷ്‌കരിക്കാനുള്ള കരട് ചട്ടങ്ങളുടെ രേഖ ചോർന്നതിൽ മന്ത്രിസഭാ യോഗത്തിലും മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.