വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ തിരെഞ്ഞെടുപ്പിനെ നേരിടാൻ സീറ്റ് വിഭജന ചർച്ചകൾ പലവട്ടം കഴിഞ്ഞിട്ടും സമവായത്തിൽ എത്താത്തതിനെ തുടർന്ന് മുതിർന്ന പ്രവർത്തകരടക്കം പത്തോളം പേർ ബി.ജെ.പിവിട്ട് സി.പി.എമ്മിൽ ചേർന്നു. പട്ടിക ജാതി മോർച്ച വാമനപുരം നിയോജക മണ്ഡലം സെക്രട്ടറി വെഞ്ഞാറമൂട് എൽ. സുരേഷ്, ബി.ജെ.പിവാമനപുരം നിയോജക മണ്ഡലം വെെസ് പ്രസിഡന്റും മഹിളാമോർച്ച നിയോജക മണ്ഡലം പ്രസി‌ഡന്റുമായ ഉഷ ടീച്ചർ, മഹിളാ മോർച്ച നെല്ലനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജെ. അഞ്ജലി, വലിയകട്ടക്കാൽ പ്രശോഭും സഹ പ്രവർത്തകരും അടക്കം പത്തോളംപേരാണ് സി.പി.എമ്മിൽ ചേർന്നത്. സി.പി.എം വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി ഓഫീസ് ഒാഡിറ്റോറിയത്തിൽ വെെ.വി. ശോഭകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡി.കെ. മുരളി എം എൽ.എ പ്രവർത്തകർക്ക് പതാക കെെമാറി. കെ. ബാബുരാജൻ, ഇ.എ. സലിം, കെ. മീരാൻ തുടങ്ങിയവർ സംസാരിച്ചു.