തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇന്നുമുതൽ ഉദ്യോഗസ്ഥഭരണത്തിലേക്ക് മാറും. നവംബർ 11ന് ഭരണ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ ഭരണസ്തംഭനം ഒഴിവാക്കുന്നതിനാണ് നടപടി. 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, വകുപ്പ് 151, ഉപവകുപ്പ് (2) പ്രകാരവും 1994 ലെ കേരള മുൻസിപ്പാലിറ്റി ആക്ട്, വകുപ്പ് 65, ഉപവകുപ്പ് (1) പ്രകാരവും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാൻ 4ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
നിയമമനുസരിച്ച് ചുമതലയേറ്റ ദിവസം മുതൽ കൃത്യം അഞ്ച് വർഷമാണ് തദ്ദേശഭരണസ്ഥാപനങ്ങളുടെ കാലാവധി. അത് കഴിഞ്ഞാൽ സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഉദ്യോഗസ്ഥരെ താത്കാലിക ഭരണം ഏൽപിക്കുകയോ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ ഏൽപിക്കുകയോ വേണം. കൊവിഡ് രോഗവ്യാപനം മൂലം തിരഞ്ഞെടുപ്പ് വൈകിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥഭരണത്തിലേക്ക് മാറ്റുന്നത്. ഇതിനായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.