dddd

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം മലിനീകരണ നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ജിപ്‌സം ബ്ലോക്ക് പരീക്ഷണം വിജയം. കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ നഗരസഭയുടെ സഹകരണത്തോടെ കഴിഞ്ഞ മാസം വെട്ടുകാട് പള്ളിക്ക് സമീപം കടൽത്തീരത്ത് ജിപ്‌സം ബ്ലോക്ക് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ബ്ലോക്കുകൾ എടുത്തുമാറ്റി പരിശോധിച്ചെങ്കിലും ഇവയുടെ ബലത്തിനോ ഘടനയ്ക്കോ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഗവേഷണ വിഭാഗം കണ്ടെത്തി. 46 ശതമാനം റെഡ് ജിപ്‌സത്തോടൊപ്പം 18 ശതമാനം സിമന്റും 36 ശതമാനം മണലും ചേർത്താണ് ജിപ്‌സം ബ്ലോക്കുകൾ നിർമ്മിച്ചത്. ഇവ റെയിൽവേ പ്ലാറ്റ്‌ഫോം, റോഡ് നിർമ്മാണം,​ സിമന്റ് നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ട്രാവൻകൂർ ടൈറ്റാനിയം. ജിപ്‌സം ബ്ലോക്കുകളുടെ ഉപയോഗത്തെപ്പറ്റിയും സാദ്ധ്യതയെപ്പറ്റിയും പഠിക്കുന്നതിനായി ഹാർബർ എൻജിനിയറിംഗ്, കോസ്റ്റൽ ഡെവലപ്‌മെന്റ് അതോറിട്ടി, ഫിഷറീസ്, ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റുകൾ, മരിയൻ എൻജിനിയറിംഗ് കോളേജ്, കോസ്റ്റൽ അപ്പ് ലിഫ്റ്റ് അസോസിയേഷൻ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. കടലാക്രമണത്തിന് പരിഹാരം കാണാൻ പദ്ധതിക്ക് കഴിയുമെന്ന് ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട് ചെയർമാൻ എ.എ. റഷീദ് പറഞ്ഞു.