ldf

തിരുവനന്തപുരം: സർക്കാരിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യത്തിനായി ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപമുന്നയിച്ച് എൽ.ഡി.എഫ് 16ന് മന്ത്രിമാരും ജനപ്രതിനിധികളുമുൾപ്പെടെ പങ്കെടുക്കുന്ന ജനകീയ പ്രതിരോധം തീർക്കും. 25,000 കേന്ദ്രങ്ങളിലാണ് പ്രതിരോധ സമരം. ഓരോ കേന്ദ്രത്തിലും നൂറ് പ്രവർത്തകരെങ്കിലും പങ്കെടുക്കും.

ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെക്കുറിച്ച് വിശദീകരിച്ചത്. സർക്കാരിനെതിരെ ഒന്നും പറയാനില്ലാതെ വന്നതോടെ, പ്രതിപക്ഷം ഓരോ വികസന പദ്ധതിയിലും അഴിമതിയാരോപിക്കുന്നു. കിഫ്ബി നേരിട്ട് ഭെല്ലിന് പണം നൽകുന്ന കെ-ഫോൺ പദ്ധതിയിൽ പോലും ആരോപണമുന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം മുൻനിറുത്തിയാണ്. പ്രതിപക്ഷനേതാവ് ചൊവ്വാഴ്ച ഉന്നയിച്ച ഹൈടെക് സ്കൂൾ ക്ലാസ് നിർമ്മാണത്തിനെതിരായ ആരോപണവും സമാനമാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ സർക്കാർ തടസ്സപ്പെടുത്തുന്നില്ല. പക്ഷേ ,അവർ അധികാരപരിധി വിട്ട് വികസന പദ്ധതികളിലിടപെടുകയും ഫയലുകൾ ആവശ്യപ്പെടുകയും ചെയ്യുന്നത് ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുടർന്നാണ് സമര പരിപാടി തീരുമാനിച്ചത്.

പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയിലാക്കുന്ന കേന്ദ്ര ഏജൻസികളുടെ നീക്കത്തിന് പിന്നിൽ സർക്കാർ പദ്ധതികളെ നിശ്ചലമാക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് യോഗത്തിന് ശേഷം കൺവീനർ എ. വിജയരാഘവൻ വാർത്താലേഖകരോട് പറഞ്ഞു. അന്വേഷണ ഏജൻസികൾ അധികാരപരിധിക്ക് പുറത്ത് ഇടപെടുന്നതിനെ ജനകീയമായി പ്രതിരോധിക്കും. അതേസമയം, വ്യവസ്ഥാപിതമായ അന്വേഷണത്തെ നിരാകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.