udf

നീലേശ്വരം: നഗരഭരണം കൈവിട്ട് രണ്ട് പതിറ്റാണ്ടായെങ്കിലും വലതു മുന്നണിയിൽ ഇത്തവണയും അടിയ്ക്ക് ശമനമില്ല. നീലേശ്വരം നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിലാണ് അഭിപ്രായ വ്യത്യാസം രൂക്ഷം. സി.പി.എം ചെയർപേഴ്സണായി കാണുന്ന ടി.വി. ശാന്തയ്ക്കും വൈസ് ചെയർമാനായി കണ്ടെത്തിയ റാഫിയെ ചിറപ്പുറത്തെ പ്രവർത്തകരും അംഗീകരിക്കാൻ മടിക്കുമ്പോഴാണ് അവസരം മുതലെടുക്കേണ്ട യു.ഡി.എഫിലെ അനൈക്യം.

മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചെങ്കിലും യൂത്ത് ലീഗ് അംഗീകരിക്കാൻ തയ്യാറല്ല. യുവാക്കൾക്ക് പ്രാതിനിത്യമില്ലെന്ന് പറഞ്ഞാണ് ഇവർ വിമതരെ രംഗത്തിറക്കാൻ തുനിയുന്നത്. ലീഗിന്റെ ഉരുക്ക് കോട്ടയായ കോട്ടപ്പുറത്താണ് റിബലിനെ രംഗത്തിറക്കാൻ ശ്രമം.

കോൺഗ്രസിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയെ ചൊല്ലിയാണ് തമ്മിലടി. പടിഞ്ഞാറ്റംകൊഴുവലിലെ വാർഡുകളിലെ ഏഴോളം വനിതകളാണ് ചെയർപേഴ്സൺ മോഹത്തിൽ കുപ്പായം തുന്നിയത്. ഇതിൽ രണ്ടു പേർ അഭിഭാഷകരാണ്. സ്ഥാനാർത്ഥിത്വം കിട്ടിയില്ലെങ്കിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ഭീഷണിയും ഇവരിൽ ചിലർ ഉന്നയിക്കുന്നു. ജാതിപ്പോരും കോൺഗ്രസിൽ രൂക്ഷമാണ്.

പടിഞ്ഞാറ്റംകൊഴുവൽ രണ്ടാം വാർഡിൽ നിന്ന് നായർ വിഭാഗത്തിലെ സ്ഥാനാർത്ഥിയെ മത്സരിച്ച് ജയിപ്പിച്ച് ചെയർപേഴ്സണാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസിലെ നായർ വിഭാഗത്തിന്റെ ആധിപത്യം അവസാനിപ്പിക്കണമെന്നും നഗരസഭയിൽ ഭൂരിപക്ഷ സമുദായമായ തീയ്യ വിഭാഗത്തിൽ നിന്ന് ചെയർപേഴ്സൺ സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന് തീയ്യ സമുദായക്കാരും അവകാശവാദം ഉന്നയിക്കുന്നുണ്ട്. മുപ്പത്തിരണ്ടാം വാർഡായ കോൺഗ്രസിന്റെ ഉറച്ച സീറ്റായ തെരുവിൽ മുസ്ലീം സ്ഥാനാർത്ഥി മത്സരിച്ചാൽ ശാലിയ സമുദായത്തിൽ നിന്ന് റിബലിനെ നിർത്തി മത്സരിപ്പിക്കാനും നീക്കങ്ങൾ നടക്കുന്നുണ്ട്.

ഇരുപത് വർഷം യു.ഡി.എഫ് ഭരിച്ച ശേഷമാണ് നീലേശ്വരം പഞ്ചായത്ത് സി.പി.എം പിടിച്ചെടുത്തത്. രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റ് പദവി സി.പി.എമ്മിനായിരുന്നു. നഗരസഭയായും രണ്ട് തവണ അധികാരം നേടി. കഴിഞ്ഞ തവണ പല വാർഡുകളും നിസാരവോട്ടുകൾക്കാണ് നഷ്ടമായതും പിടിച്ചെടുത്തതും.