തിരുവനന്തപുരം: തന്റെ പി.എച്ച്.ഡി. ഗവേഷണ പ്രബന്ധത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്റി കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗവേഷണ പ്രബന്ധത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ വിപണിയിൽ ലഭ്യമാണെന്നും പി.എച്ച്.ഡി. തിസീസ് മെച്ചപ്പെട്ടതാണോ അല്ലയോ എന്നറിയാൻ ആർക്കു വേണമെങ്കിലും വാങ്ങി വായിക്കാമെന്നും ജലീൽ പറയുന്നു. 'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്' എന്ന തലക്കെട്ടിലാണ് കുറിപ്പ്. ഏതൊരു പുസ്തകവും അങ്ങേയറ്റത്തെ വിമർശന ബുദ്ധിയോടെയും വർഗീയ മനസോടെയും വായിച്ചാൽ ചെറിയ ചെറിയ കുറ്റങ്ങളും കുറവുകളും വിയോജിപ്പുകളും ആർക്കും കണ്ടെത്താം. പ്രബന്ധത്തിന് മൗലികതയുണ്ടോയെന്ന് പറയേണ്ടത് അക്കാഡമീഷ്യൻസും വായനക്കാരുമാണ്. അല്ലാതെ പകൽ കോൺഗ്രസും, രാത്രി ആർ.എസ്.എസുമായ സ്യൂഡോ സെക്കുലറിസ്റ്റുകളല്ല. അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കിട്ട് കയറുന്നത്? പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചു? എന്നുപറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.