തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചരണം ശക്തമാക്കുന്നതിനായി എ. വിജയരാഘവന്റെ നേതൃത്വത്തിൽ പ്രത്യേക ഉപസമിതിയെ ചുമതലപ്പെടുത്താൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. പ്രതിപക്ഷമടക്കം ഉയർത്തുന്ന അപവാദപ്രചരണങ്ങളെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പൊതുപ്രകടന പത്രിക പുറത്തിറക്കുന്നതിന്റെ ഭാഗമായി ഇതിനായി രൂപീകരിച്ചിട്ടുള്ള ഉപസമിതിയുടെ യോഗം 17ന് ചേർന്ന് അന്തിമരൂപം നൽകും. ഓരോ പ്രാദേശികതലത്തിലും പ്രത്യേകം പ്രകടനപത്രികകളുണ്ടാകും. സീറ്റ്തർക്കങ്ങൾ ജില്ലാതലത്തിൽ പരിഹരിക്കണം. തുടർന്നാൽ കൺവീനറുമായി ചർച്ച ചെയ്ത് പരിഹരിക്കണം. എറണാകുളത്തും പാലക്കാടും തീർത്തും തഴഞ്ഞതിൽ പ്രതിഷേധമുണ്ടെന്ന് കൺവീനറെ എൽ.ജെ.ഡി അറിയിച്ചു. ആലപ്പുഴ, വയനാട് അടക്കമുള്ള ജില്ലകളിൽ സി.പി.ഐയുടെ കടുംപിടുത്തത്തെക്കുറിച്ച് യോഗശേഷം അവർ കാനത്തോടും പരാതി പറഞ്ഞു. ജെ.ഡി.എസും പരാതിയുന്നയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നല്ല മുന്നേറ്റമുണ്ടാക്കുമെന്ന് കൺവീനർ പറഞ്ഞു. കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടതോടെ യു.ഡി.എഫ് ദുർബലമായി. അത് മറികടക്കാൻ രാഷ്ട്രീയ മാന്യത വിട്ടുള്ള സഖ്യങ്ങളാണ് യു.ഡി.എഫുണ്ടാക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കുന്നത് അതുകൊണ്ടാണ്. ബി.ജെ.പിയുമായി ഒന്നിച്ച് ഇടതുമുന്നണിക്കെതിരായ മഹാസഖ്യമായാണ് യു.ഡി.എഫിന്റെ പ്രവർത്തനം. ഇത് തുറന്നുകാട്ടാനുള്ള പ്രചരണം എൽ.ഡി.എഫ് നടത്തും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള വാർഡ് തലം വരെയുള്ള സമിതികൾ 21നകം രൂപീകരിക്കും. നാമനിർദ്ദേശ പത്രിക നൽകുന്നതിനൊപ്പം തന്നെ എൽ.ഡി.എഫിന്റെ പ്രകടനപത്രികയും ഇറക്കും. അഴിമതിയും തട്ടിപ്പും നടത്തിയ എം.സി. ഖമറുദ്ദീൻ എം.എൽ.എ പൊലീസ് കസ്റ്റഡിയിലാണ്. മറ്റൊരു എം.എൽ.എ വിജിലൻസ് അന്വേഷണത്തിന് നടുവിലാണ്. ഇബ്രാഹിംകുഞ്ഞ് അഴിമതിയുടെ പ്രതീകമായി നിൽക്കുന്നു. അഴിമതിക്കാരെ പുറത്താക്കിയാൽ യു.ഡി.എഫ് പ്രതിസന്ധിയിലാകുമെന്നതിനാലാണ് ഖമറുദ്ദീനെ പുറത്താക്കാത്തത്. ഡസൻ കണക്കിന് അഴിമതിക്കാരാണ് അവിടെ. മന്ത്രിമാരടക്കം എൽ.ഡി.എഫ് നേതാക്കളിൽ ഒരാൾക്കെതിരെ പോലും അത്തരം ആരോപണങ്ങളില്ലെന്നും വിജയരാഘവൻ പറഞ്ഞു.
ജോസിന്റെ ആദ്യ യോഗം
കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗം പങ്കെടുത്ത ആദ്യ മുന്നണിയോഗമായിരുന്നു ഇന്നലെ. ജോസ് കെ.മാണിയും സ്റ്റീഫൻ ജോർജുമാണ് പങ്കെടുത്തത്. തങ്ങളുടെ രാഷ്ട്രീയനിലപാട് ഉൾക്കൊണ്ട് മുന്നണിയിൽ ഉൾപ്പെടുത്തിയതിൽ നന്ദി രേഖപ്പെടുത്തിയായിരുന്നു ജോസ് കെ.മാണിയുടെ കന്നിപ്രസംഗം.