തിരുവനന്തപുരം: എട്ടുമാസം അടച്ചിട്ടശേഷം തുറന്ന മ്യൂസിയത്തും മൃഗശാലയിലും സന്ദർശകരുടെ തിരക്കേറുന്നു. രാവിലെയും വൈകിട്ടും നടക്കാനെത്തുന്നവരുടെയും എണ്ണവും കൂടുന്നുണ്ട്. ഇക്കഴിഞ്ഞ മൂന്നിനാണ് മ്യൂസിയം സന്ദർശകർക്കായി തുറന്നത്. ആദ്യ ദിവസം മൃഗശാലയിൽ 806 സന്ദർശകരെത്തിയിരുന്നു. 29,295 രൂപയായിരുന്നു ആകെ കളക്ഷൻ. പിന്നീടുള്ള ഓരോദിവസവും സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു. കഴിഞ്ഞ ദിവസം 2306 സന്ദർശകർ എത്തിയപ്പോൾ 87,825 രൂപ കളക്ഷൻ ലഭിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ കുടുംബസമേതം മൃഗശാല സന്ദർശിച്ചിരുന്നു. രണ്ടുമണിക്കൂറോളം മൃഗശാല ചുറ്റിനടന്നു കാണുകയും ചെയ്‌തു. നിയന്ത്രണങ്ങളിലും പരിശോധനയിലും പൂർണ തൃപ്‌തി അറിയിച്ചാണ് കളക്ടർ മടങ്ങിയത്.
'' മൃഗശാലയിൽ സന്ദർശകർ കൂടിവരികയാണ്. ശനി , ഞായർ ദിവസങ്ങളിലാണ് കൂടുതൽ പേർ എത്തിയത് "
-അബു, ഡയറക്ടർ, മൃഗശാല