sivasankar-swapna

തിരുവനന്തപുരം: സർക്കാരിന്റെ നാല് വൻ പദ്ധതികളിലെ വഴിവിട്ട നടപടികൾ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിലും സ്വപ്നയെയും സന്ദീപിനെയും തിരുവനന്തപുരത്തെ ജയിലുകളിലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഒരേസമയം ചോദ്യംചെയ്തു. സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലും സന്ദീപിനെ പൂജപ്പുര ജയിലിലുമാണ് ചോദ്യംചെയ്തത്. കൊച്ചിയിലെ ഇ.ഡി ഉദ്യോഗസ്ഥരാണ് ചോദ്യംചെയ്യലിന് ജയിലുകളിലെത്തിയത്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് വിശദമായ ചോദ്യംചെയ്യലുണ്ടായത്.

ലൈഫ് മിഷൻ, കെ ഫോൺ പദ്ധതികളുമായി ബന്ധപ്പെട്ട സർക്കാരിന്റെ രഹസ്യവിവരങ്ങളും രേഖകളും ശിവശങ്കർ സ്വപ്നയ്ക്ക് വാട്സ് ആപ്പ് വഴി കൈമാറിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. ലൈഫ് മിഷൻ അടക്കമുള്ളവയിൽ സ്വപ്ന സജീവ പങ്കാളിയാണെന്നും സ്വർണക്കടത്ത് കേസും ലൈഫ് മിഷൻ കേസുമായി ബന്ധമുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ഈ പദ്ധതികൾക്കു പുറമെ ടെക്നോപാർക്കിലെ ടോറസ് ഡൗൺടൗൺ, കൊച്ചി സ്‌മാർട്ട് സിറ്റിയുടെ വികസന പദ്ധതികൾ എന്നിവയിലും സ്വപ്നയും ശിവശങ്കറും വഴിവിട്ട ഇടപെടലുകൾ നടത്തിയെന്ന് സംശയമുള്ളതിനാൽ പദ്ധതി രേഖകളെല്ലാം കൈമാറാൻ ഇ.ഡി ചീഫ്സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. അവ ഇതുവരെ നൽകിയിട്ടില്ല.

ശിവശങ്കറിന്റെ മൊഴികളിൽ വ്യക്തത വരുത്തുന്നതിന്റെയും മൊഴികൾ കൃത്യമാണോ എന്ന് ഒത്തുനോക്കുന്നതിന്റെയും ഭാഗമായിട്ടായിരുന്നു സന്ദീപിനെ ചോദ്യംചെയ്തത്. രാവിലെ പത്തിനു തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് ആറു വരെ നീണ്ടു. കസ്റ്റഡിയിലുള്ള ആദ്യദിവസങ്ങളിൽ ശിവശങ്കർ അന്വേഷണ സംഘത്തോട് സഹകരിച്ചിരുന്നില്ല. അതിനാലാണ് ഇ.ഡി കോടതിയിൽ കസ്റ്റഡി നീട്ടിവാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ ശിവശങ്ക‌ർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയെന്നാണ് സൂചന.