തിരുവനന്തപുരം:വെട്ടുകാട് മാദ്രേ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും.13ന് വൈകിട്ട് 5.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി.തുടർന്ന് ഇടവക വികാരി ഫാ.ജോർജ് ജെ ഗോമസ് കൊടിയേറ്റും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 6ന് ദിവ്യകാരുണ്യ ആരാധന. 6.30നും 8.30നും 11നും വൈകിട്ട് 3നും 5.30നും സമൂഹദിവ്യബലിയും രാത്രി 7ന് ക്രിസ്തുരാജ പാദപൂജയും. 21ന് വൈകിട്ട് 4.30ന് സന്ധ്യാപ്രാർത്ഥനയ്ക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് 6ന് ക്രിസ്തുരാജ പ്രതിമയും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷം പ്രദക്ഷിണത്തിന് വികാരിയുൾപ്പെടെ 20 പേർക്കെ പങ്കെടുക്കാൻ അനുവാദമുള്ളൂ. കത്തിച്ച മെഴുകുതിരിയുമായി വിശ്വാസികൾ വീടിന് മുന്നിൽ നിന്നാൽ മതിയാകുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. 22ന് വൈകിട്ട് 5.30ന് പൊന്തിഫിക്കൽ സമൂഹ ദിവ്യബലിക്ക് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം മുഖ്യകാർമികത്വം വഹിക്കും.
തിരുനാൾ ദിവസങ്ങളിൽ പള്ളിയുടെ അകത്തും പുറത്തും പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ കൂടിയ അവലോകന യോഗം തീരുമാനിച്ചിരുന്നു.കുർബാനയിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഇടവക വികാരി അറിയിച്ചു.