reservation

തിരുവനന്തപുരം: മുന്നാക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്ത് ശതമാനം സംവരണം അശാസ്ത്രീയവും അനാവശ്യവുമാണെന്ന് ഇന്ത്യയിലെ മുൻനിര അക്കാഡമിക് ജേ‌ർണലായ ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു.

വിദ്യാഭ്യാസ മേഖലയിൽ നിലവിൽ അഞ്ചിരട്ടിയിലധികം പ്രാതിനിദ്ധ്യം മുന്നാക്ക വിഭാഗക്കാർക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ശാസ്ത്രീയ പഠനത്തിന്റെ പിൻബലമില്ലാതെയാണ് കേന്ദ്ര സർക്കാരിന് പിന്നാലെ സംസ്ഥാന സർക്കാരും മുന്നാക്ക സംവരണം നടപ്പാക്കിയതെന്ന ആക്ഷേപം ശരി വയ്ക്കുന്നതാണ് റിപ്പോർട്ട്.എ. ഭീമേശ്വർ റെഡ്ഡി, സണ്ണി ജോസ്, പിണ്ടിഗ അംബേദ്കർ, വിക്രാന്ത് സാഗർ റെഡ്ഡി, വി.എസ് നിഷികാന്ത് എന്നീ ഗവേഷകർ രാജ്യത്തെ 445 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠനം നടത്തിയത്. ഈ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗക്കാർക്ക് നിലവിൽ 28 ശതമാനം പ്രാതിനിദ്ധ്യമുണ്ടെന്നാണ് കണ്ടെത്തൽ. ഈ സ്ഥാപനങ്ങൾ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് 2018ൽ സമർപ്പിച്ച സ്ഥിതിവിവരങ്ങൾ ആധാരമാക്കിയാണ് പഠനം നടത്തിയത്.
മെരിറ്റ് സീറ്റുകളുടെ 10 ശതമാനം സംവരണം ചെയ്യാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമ്പോൾ തന്നെ ,ഈ വിഭാഗം വിദ്യാർത്ഥികൾ ആകെ സീറ്റിന്റെ 28 ശതമാനമുണ്ട് . ഇത് നിലവിലുള്ള സംവരണത്തിന്റെ അഞ്ചിരട്ടിയോളം വരും.എൻ.ഐ.ആർ.എഫ് റാങ്കിംഗ് ഇല്ലാത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നാക്കവിഭാഗക്കാരുടെ സാന്നിദ്ധ്യം 28 ശതമാനത്തിലും മുകളിലാണെന്നും പഠനം വ്യക്തമാക്കുന്നു. 445 സ്ഥാപനങ്ങളിലെ മുന്നാക്ക വിദ്യാർത്ഥികളുടെ എണ്ണവും, മെഡിക്കൽ, എൻജിനീയറിംഗ്, നിയമം, മാനേജ്‌മെന്റ് തുടങ്ങിയ പഠനവിഷയങ്ങളുടെ ഇനം തിരിച്ച പട്ടികകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.