vijayakumari

നെയ്യാറ്റിൻകര: ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യു.ഐ.ടി പ്രിൻസിപ്പലും റിട്ട.പ്രൊഫസറുമായ വീട്ടമ്മ വാഹന അപകടത്തെ തുടർന്ന് മരിച്ചു. പാങ്ങോട് തിരുമല റിട്ട.ഉദ്യോഗസ്ഥനായ സുകുമാരന്റെ ഭാര്യ ഡോ. കെ. വിജയകുമാരി (61)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ബാലരാമപുരം വഴിമുക്ക് എം.കെ.ഓഡിറ്റോറിയത്തിന് സമീപത്താണ് അപകടം. ഡ്യൂട്ടി കഴിഞ്ഞ് പാങ്ങോട്ടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനായി എത്തിയ ഭർത്താവ് സുകുമാരന്റെ ബൈക്കിന് പിന്നിലിരുന്ന് പോകവേ നാഗർകോവിലിൽ നിന്ന് പാങ്ങോട്ടേക്ക് പോകുകയായിരുന്ന മിലിട്ടറി ട്രക്കുകളിൽ ഒന്ന് ബൈക്കിൽ ഇടിച്ച് ഇരുവരും തെറിച്ച് വീഴുകയായിരുന്നു.വിജയകുമാരി ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും, ട്രാക്കിന്റെ ടയറുകൾ കയറിയിറങ്ങി തൽക്ഷണം മരിച്ചു. ഇടത് വശത്തേക്ക് തിരിച്ച വീണ ഭർത്താവ് സുകുമാരന് സാരമായ പരിക്കുകൾ മാത്രമേയുള്ളു.തൊഴിൽ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണിദ്ദേഹം .കൊല്ലം എസ്.എൻ.കോളേജിലെ ഹിന്ദി പ്രൊഫസറായിരുന്നു വിജയകുമാരി. കഴിഞ്ഞ മൂന്നിനാണ് ആറാലുംമൂട് യു.ഐ.ടി യുടെ പ്രിൻസിപ്പലായത്. ഏക മകൻ ഡോ.സുജിത്തിന് ഡൽഹിയിലാണ് ജോലി .