vote

തിരുവനന്തപുരം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ടെങ്കിലും ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാരിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാതെ ഇടപെടാമെന്ന് വ്യക്തമാക്കി കമ്മിഷൻ ഉത്തരവിട്ടു. ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങൾക്കും ഉദ്യോഗസ്ഥർ തടസം ഉന്നയിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടൽ, പൾസ് പോളിയോ പോലുള്ള ബോധവത്കരണ പരസ്യ പ്രചാരണങ്ങൾ, കോടതി നിർദ്ദേശപ്രകാരമുള്ള ആശ്രിത നിയമനം, ഉദ്യോഗസ്ഥന് അധികചുമതല നൽകൽ, വരൾച്ച, വെള്ളപ്പൊക്കം, കൊവിഡ് മഹാമാരി തുടങ്ങിയ അടിയന്തര സാഹചര്യം നേരിടാൻ ദേശീയ പ്രകൃതിദുരന്ത ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം തേടൽ, ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ നിയോഗിക്കൽ തുടങ്ങിയവയ്ക്കാണ് ഇളവ് അനുവദിച്ചത്. വിരമിക്കൽ, ഡെപ്യൂട്ടേഷൻ എന്നിവ മൂലമുണ്ടായ ഒഴിവുകൾ നികത്താൻ യോഗംചേരൽ, പൊതുസ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി, കേടായ പൈപ്പുകളുടെ അറ്റകുറ്റപ്പണി, കോടതി നിർദ്ദേശമുണ്ടെങ്കിൽ ശൗചാലയം പോലെയുള്ള സൗകര്യങ്ങളുടെ അറ്റകുറ്റപ്പണി, ബി.ഒ.റ്റി വ്യവസ്ഥ പ്രകാരം നിർമ്മാണാനുമതി നൽകൽ, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റൽ, തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരസ്യം നൽകൽ, ശുചീകരണ, കൊതുക് നിയന്ത്രണ പദ്ധതികളുടെ നടത്തിപ്പ്, ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനവും സ്ഥലംമാറ്റവും, കോടതി ഉത്തരവ് പ്രകാരം തടവ് പുള്ളികളുടെ ജയിൽമാറ്റം, നേരത്തെ അനുവദിച്ച ഗ്രാന്റ് ഉപയോഗിച്ചും ക്ഷണിച്ച ടെൻഡർ പ്രകാരവും ആശുപത്രി ഉപകരണങ്ങളും മരുന്നും വാങ്ങൽ എന്നിവയ്ക്കും അനുമതി നൽകിയിട്ടുണ്ട്.