മലയാളം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായി തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. പ്രേക്ഷകരുടെ മനം കവർന്ന താരം മോഡലിംഗിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും നിരവധി ആരാധകരെ നേടിയിട്ടുണ്ട്. സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച താരം ടെലിവിഷൻ പരമ്പരകളിലൂടെയാണ് ജനപ്രീതി നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവ നടിക്കുള്ള അവാർഡും സ്വാസിക സ്വന്തമാക്കി. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ്. ഇപ്പോഴിതാ സ്വാസിക പങ്കുവച്ച വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.
സ്വാസികയുടെ വാക്കുകൾ;
"ആദ്യമായി ഒരു സിനിമയുടെ തിരക്കഥ എന്റെ കൈയ്യിൽ കിട്ടുന്നത് വാസന്തിയിലൂടെയാണ്. പലയാവർത്തി ഞാൻ തിരക്കഥ വായിച്ചു. സംശയങ്ങൾ തോന്നുമ്പോൾ അപ്പോൾ തന്നെ സംവിധായകരോടു ചോദിച്ചു മനസിലാക്കി. കണ്ണാടിക്കു മുൻപിൽ നിന്നു പലതവണ അഭിനയിച്ചു നോക്കി. ഇരുപ്പിലും നടപ്പിലും വാസന്തിയായി മാറണമെന്ന് അണിയറപ്രവർത്തകരുടെയും എന്റെയും വാശിയായിരുന്നു. റിഹേഴ്‌സൽ വർക്ക്‌ഷോപ്പ് പോലും അതിനായി സംഘടിപ്പിച്ചു. ഓരോ ഭാഗങ്ങളും എന്നെക്കൊണ്ട് അഭിനയിപ്പിച്ചു. ശരിയല്ലെന്നു തോന്നുന്നിടത്തു നിർത്തി വീണ്ടും വീണ്ടും അഭിനയിച്ചു. അതിനെല്ലാം ഫലം ലഭിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. സിനിമയിലൂടെയാണ് ഞാൻ അഭിനയരംഗത്തേക്ക് വരുന്നത്. ആദ്യ കാലത്ത് എല്ലാവരെയും പോലെ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അവസരങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ട്."