പാറ്റ്ന: രാജ്യത്തെയാകെ ഒരു പകൽ മുഴുവനും പുലരും വരെയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിറുത്തിയ വോട്ടെണ്ണലിനൊടുവിൽ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമുന്നണിയായ എൻ.ഡി.എ കേവലഭൂരിപക്ഷത്തിനുള്ള സീറ്റുകൾ ഉറപ്പാക്കി ഭരണം നിലനിറുത്തി. 125 സീറ്റാണ് എൻ.ഡി.എ നേടിയത്. 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകൾ മതി.
മഹാമുന്നണി 110 സീറ്റുകളിലൊതുങ്ങി. എന്നാൽ 75 സീറ്റുകൾ നേടി ആർ.ജെ.ഡി എറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പി 74 സീറ്റുകളോടെ തൊട്ടു പിന്നിലെത്തി. അതേസമയം, നിതീഷ് കുമാറിന്റെ പാർട്ടിയായ ഐക്യ ജനതാദൾ വലിയ തകർച്ചയാണ് നേരിട്ടത്. അവർക്ക് വെറും 42 സീറ്റേ നേടാനായുള്ളൂ.എൻ.ഡി.എ ഭരണം നിലനിറുത്തിയതോടെ നിതീഷ് കുമാർ അഞ്ചാം തവണയും മുഖ്യമന്ത്രിയാകാൻ വഴിയൊരുങ്ങി. നിതീഷിന്റെ പാർട്ടിയേക്കാൾ 30ലേറെ സീറ്ര് നേടിയെങ്കിലും ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാനിടയില്ല. അധികാരത്തിനായി എങ്ങോട്ടും ചാടാൻ മടിയില്ലാത്ത നിതീഷ് മുഖ്യമന്ത്രിക്കസേര കിട്ടുമെന്നായാൽ തേജസ്വിക്കൊപ്പം ചേരാനും മടിക്കില്ല. അതിനാൽ, നിതീഷിനെ അടുത്ത അഞ്ചു കൊല്ലം കൂടി മുഖ്യമന്ത്രിയായിരുത്തി 2025ൽ ഒറ്റയ്ക്ക് ഭരണം പിടിക്കുന്ന നിലയിൽ ബീഹാറിൽ പാർട്ടിക്കോട്ട ഉയർത്താനാവും ബി.ജെ.പിയുടെ പദ്ധതി.ലീഡ് നില മാറിമറിഞ്ഞ സീറ്റുകളിൽ റീകൗണ്ടിംഗ് വേണ്ടിവന്നു. നിരവധി സീറ്റുകളിൽ ഇരു മുന്നണികളും തമ്മിലുള്ള വ്യത്യാസം ആയിരം വോട്ടുകളിൽ താഴെയാണ്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം വോട്ടെണ്ണൽ മന്ദഗതിയിലായതിനാലാണ് ഫലപ്രഖ്യാപനം വൈകിയത്.
കഴിഞ്ഞ നിയമസഭയിൽ 81 സീറ്റുമായി ആർ.ജെ. ഡിയായിരുന്നു വലിയ ഒറ്റക്കക്ഷി. മഹാസഖ്യത്തിൽ ഘടകകക്ഷിയായ കോൺഗ്രസിന് 19ൽ ഒതുങ്ങി. എട്ട് സീറ്റ് നഷ്ടമായി. സഖ്യത്തിന്റെ ഭാഗമായ ഇടതുപാർട്ടികൾ വൻ നേട്ടമുണ്ടാക്കി. സി.പി.ഐ (എം.എൽ) 12 സീറ്റിലും സി.പി.എമ്മും സി.പി.ഐയും രണ്ടുവീതം സീറ്റിലും ജയിച്ചു.
എൻ.ഡി.എയിൽ ബി.ജെ.പിയാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ 53 സീറ്റായിരുന്നു. ഭരണവിരുദ്ധ വികാരം നേരിട്ട ഐക്യദളിന് സിറ്റിംഗ് സീറ്റുകൾ അടക്കം 28 സീറ്റുകൾ നഷ്ടമായി. കഴിഞ്ഞ തവണ 70 സീറ്റുണ്ടായിരുന്നു. 30 സീറ്റുകളിലെങ്കിലും ജെ.ഡി.യുവിന്റെ പരാജയം ഉറപ്പാക്കിയ രാഷ്ട്രീയക്കളി നടത്തിയ ചിരാഗ് പാസ്വാന്റെ എൽ.ജെ.പിക്കു ഒരു സീറ്റുമാത്രമാണ് കിട്ടിയത്. മഹാമുന്നണിയുടെ വോട്ടു ഭിന്നിപ്പിച്ച അസദുദ്ദീൻ ഓവൈസിയുടെ ഐ.ഐ.എം.ഐ.എം അഞ്ചിടത്ത് ജയിച്ചു.
മൂന്നു ഘട്ടങ്ങളിലായി നടന്ന പോളിംഗിൽ 4.11 കോടി പേരാണ് വോട്ടു ചെയ്തത്.