ആലക്കോട്: ഇടവേളയ്ക്കു ശേഷം മലയോരത്ത് ചൂതാട്ടസംഘങ്ങൾ വീണ്ടും സജീവമായി. കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക തകർച്ച എല്ലാ മേഖലയെയും ബാധിച്ചപ്പോൾ ചൂതാട്ട സംഘങ്ങളും നിർജ്ജീവമായിരുന്നു .എന്നാൽ അടുത്തകാലത്തായി ഇക്കൂട്ടർ പൂർവാധികം ശക്തിയോടെ രംഗത്ത് വന്നു. കഴിഞ്ഞ ദിവസം ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ തേർത്തല്ലിക്കടുത്തെ പെരിങ്ങാലയിലെ ഒരു വീട് കേന്ദ്രീകരിച്ച് നടത്തിയ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടുകയുണ്ടായി. 4 ലക്ഷം രൂപയാണ് 12 പേരടങ്ങുന്ന സംഘത്തിൽ നിന്നും കണ്ടെടുത്തത്. വർഷങ്ങളായി ഈ വീട് കേന്ദ്രീകരിച്ച് വൻ തോതിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുകയായിരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ആളുകളാണ് ഇവിടെയെത്തുന്നവരിൽ കൂടുതലും. തേർത്തല്ലി, നടുവിൽ, ഒടുവള്ളിത്തട്ട്, ചെറുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ മുമ്പ് ചീട്ടുകളി സംഘങ്ങൾ സജീവമായിരുന്നു. ഈ സംഘങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.