fast

തിരുവനന്തപുരം: നാല്ചക്ര വാഹനങ്ങൾക്ക് ഫിറ്റ്‌നസ് പരിശോധനയ്ക്കും രജിസ്‌ട്രേഷൻ പുതുക്കലിനും ജനുവരി മുതൽ ഫാസ്ടാഗ് പതിക്കേണ്ടിവരും. ദേശീയപാതകളിലെ ചുങ്കപ്പിരിവ് ഫാസ്ടാഗ് വഴിയാക്കാനുള്ള കേന്ദ്രതീരുമാനം ഈ വിധത്തിലാകും നടപ്പാക്കുക.

ടാക്‌സി വാഹനങ്ങൾ നിശ്ചിത ഇടവേളകളിൽ പരിശോധനയ്ക്ക് ഹാജരാക്കണം. സ്വകാര്യ കാറുകൾക്ക് 15 വർഷത്തേക്കാണ് ആദ്യ രജിസ്‌ട്രേഷൻ. ഇതിന് ശേഷം അഞ്ച് വർഷത്തേക്ക് രജിസ്‌ട്രേഷൻ നീട്ടും. അതേസമയം, ജനുവരി മുതൽ ടോൾപ്ലാസകളിലെ പ്രവേശനം ഫാസ്ടാഗ് വഴിയാക്കിയാൽ പഴയ വാഹനഉടമകൾ ബുദ്ധിമുട്ടും. ഓൺലൈൻ വഴിയും ബാങ്കുകളിൽ നിന്നും ഫാസ്ടാഗ് വാങ്ങാമെന്നതിനാൽ പഴയവാഹനങ്ങൾക്കും സൗകര്യപ്രദമായി ഫാസ്ടാഗിലേക്ക് മാറാമെന്ന് അധികൃതർ പറയുന്നു. ഓൺലൈൻ സൈറ്റുകളിൽ 150 മുതൽ 500 രൂപ വരെയാണ് വില. വാഹനത്തിന്റെ മുൻവശത്ത ചില്ലിൽ പതിക്കുന്ന ഫാസ്ടാഗുകൾക്കുള്ള പ്രത്യേക അക്കൗണ്ടിലേക്ക് തുക മാറ്റാനാകും. ഫാസ്ടാഗ് പതിച്ചിട്ടുള്ള വാഹനം ടോൾ ഗേറ്റ് കടന്നുപോകുമ്പോൾ റേഡിയോ ഫ്രീക്ക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനത്തിലൂടെ ഓൺലൈനായി ടോൾ ഫീസീടാക്കും. 2017 ഡിസംബർ മുതൽ വിൽക്കുന്ന പുതിയ വാഹനങ്ങൾക്ക് ഫാസ്ടാഗ് പതിപ്പിക്കുന്നുണ്ട്. വാഹന ഡീലർമാരാണ് ഇവ നൽകുന്നത്. ഇവയുടെ അക്കൗണ്ട് പുതുക്കുകയും ടോൾ നൽകാനുള്ള തുകയുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.ടോൾതുക പണമായി നൽകേണ്ടതില്ലാത്തതിനാൽ, ഫാസ്ടാഗ് പതിപ്പിച്ച വാഹനത്തിന് മൂന്നോ നാലോ സെക്കൻഡിനുള്ളിൽ ടോൾഗേറ്റ് കടന്നുപോകാനാകും. ടോൾപ്ലാസകളിലെ തിരക്ക് കുറയും. മോഷ്ടിച്ച വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് പെട്ടെന്ന് കണ്ടെത്താനുമാവും.