logo

തിരുവനന്തപുരം: കെ.എസ്. ആർ.ടി.സിയിൽ ആശ്രിതനിയമനത്തിലടക്കം നടന്ന അഴിമതികൾ അന്വേഷിക്കാൻ വിജിലൻസ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി.

അന്വേഷണം വൈകുന്നത് ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി നൽകിയ ഹർജിക്കുള്ള മറുപടിയായി വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചതാണ് ഇക്കാര്യം.

സർക്കാർ അനുമതിയോടെ മാത്രമേ വിജിലൻസിന് കേസെടുക്കാൻ കഴിയുകയുള്ളൂ. ജൂണിൽ നൽകിയ അപേക്ഷയിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് എറണാകുളം റേഞ്ച് ഡിവൈ.എസ്.പി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

മരിച്ച ജീവനക്കാരന്റെ രണ്ട് ആശ്രിതർക്ക് നിയമനം നൽകിയതുൾപ്പെടെ നിരവധി ക്രമക്കേടുകൾ കെ.എസ്.ആർ.ടി.സിയിൽ നടന്നിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുള്ളതിനാൽ വകുപ്പുതല അന്വേഷണം മുന്നോട്ടുപോയില്ല. ആശ്രിത നിയമനങ്ങൾ മിനിസ്റ്റീരിയൽ വിഭാഗത്തിൽ കേന്ദ്രീകരിച്ചതിലും ക്രമക്കേടുണ്ട്. ഈ വിഭാഗത്തിലെ 80 ശതമാനം ജീവനക്കാരും ആശ്രിതനിയമനം ലഭിച്ചവരാണ്. വ്യവസ്ഥകൾ ലംഘിച്ചാണ് നിയമനം നടന്നത്. ടോമിൻ തച്ചങ്കരി മേധാവി ആയിരുന്നപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. അദ്ദേഹം സ്ഥാനമൊഴിഞ്ഞതോടെ നടപടികൾ അട്ടിമറിച്ചു.
ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ജൂഡ് ജോസഫാണ് വിജിലൻസിന് പരാതി നൽകിയത്. നടപടി വൈകിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വന്തമായി അന്വേഷണം നടത്തി ഒതുക്കിത്തീർക്കുന്ന രീതിയാണ് കെ.എസ്.ആർ.ടി.സിയിൽ തുടരുന്നത്. മംഗലാപുരം അന്തർ സംസ്ഥാന റൂട്ട് കേസിൽ സ്വകാര്യ ബസുകൾക്ക് അനുകൂലമായ നിലപാട് എടുത്ത ഉദ്യോഗസ്ഥനെതിരെ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. യഥാസമയം കുറ്റപത്രം നൽകാൻ പോലും കഴിഞ്ഞിട്ടില്ല.