ധാരാളം സ്വർണം കൈവശമുള്ളവർ സ്വർണ വില വർദ്ധനയിൽ സന്തോഷിക്കുമ്പോൾ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ അന്ധാളിച്ചുനിൽക്കുകയാണ്. തങ്ങളുടെ വിവാഹപ്രായമായ മകളെ, പെങ്ങളെ എങ്ങനെ കെട്ടിച്ചയയ്ക്കും എന്ന ആകുല ചിന്തയിൽ കഴിയുന്നവരാണവർ.
സ്വർണവില കൂടുന്നതനുസരിച്ച് കേരളത്തിൽ അനധികൃത സ്വർണക്കടത്തും വർദ്ധിച്ചുവരുന്നു. ഈ സ്വർണക്കള്ളക്കടത്തിന്പിന്നിൽ ആരാണ് പ്രവർത്തിക്കുന്നത്. ഈ സ്വ ർണം എങ്ങോട്ട് കൊണ്ടുപോകുന്നു. ആരു വാങ്ങുന്നുവെന്ന കാര്യം എന്തേ അധികൃതർ ജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കുന്നു?
സ്വർണക്കടത്തിനു പിന്നിൽ വമ്പൻ സ്രാവുകളുണ്ടെന്ന വസ്തുതയിലേക്കാണ് ഇപ്പോൾ കേന്ദ്ര ഏജൻസികൾ നടത്തുന്ന സ്വപ്നയുമായി ബന്ധപ്പെട്ട സ്വർണക്കടത്തു കേസിലെ അന്വേഷണങ്ങൾ വിരൽചൂണ്ടുന്നത്.
സ്വർണക്കള്ളക്കടത്തിന് കടിഞ്ഞാണിടണമെങ്കിൽ അനധികൃതമായി കടത്തുന്ന സ്വർണം സർക്കാർ കണ്ടുകെട്ടണം. ഇങ്ങനെ കണ്ടുകെട്ടുന്ന സ്വർണം സമൂഹത്തിലെ നിർദ്ധനരായ കുടുംബങ്ങളിലെ വിവാഹപ്രായമായ പെൺകുട്ടികളുടെ കല്യാണാവശ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണം.
ആർ. പ്രകാശൻ,
ചിറയിൻകീഴ്
ഗുരുവിനെ അറിയണം
അറിവ് ആർക്കും ആകാമെന്ന ഗുരുവചനം ഒരു പ്രത്യേക സമുദായത്തിനായല്ലായിരുന്നു എന്ന സത്യം അറിയുന്ന മനസുകൾക്ക് കാണാൻ കഴിയും. ഇന്നാർക്കും കാണാനും ചിന്തിക്കാനും കഴിയാത്ത നികൃഷ്ട കർമ്മങ്ങൾക്ക് മനുഷ്യ മനസ് അടിമയാകാതെ നേർവഴി തെളിച്ച് നശിക്കേണ്ടയേതു വസ്തുവും യഥാസമയം കാലപുരിയ്ക്കയക്കാൻ വിധിയരുളുന്ന ശിവദേവനെ തന്നെ ഗുരുപ്രതിഷ്ഠിച്ചു.
ആ ശോഭയിൽ വിരിയാൻ സാധിച്ച ഗുരുനാമത്തിലെ സർവകലാശാല അറിവായ അമൃത് ഊറിക്കുന്ന കാമധേനുവിനെ സമൂഹത്തിന് സമ്മാനിച്ചും നഗരഹൃദയത്തിൽ ഉചിതമായ ഭൂമിയിൽ ഒരു ഗുരുരൂപം ഇരുത്തിയ സർക്കാരിന്റെ സദ്കർമ്മത്തെ ഗുരുവിന്റെ ആദ്യകാല ശിഷ്യനായ നാണിയാശാൻ കുടുംബസമിതി അംഗങ്ങൾ ഒന്നായി മനസിലേറ്റുന്നു. ഉദിക്കാനൊരു സൂര്യൻ ആകാശത്ത് എന്നതുപോലെ ലക്ഷ്യം കാണേണ്ട സർവകലാശാലയെ കരിമേഘങ്ങൾ തട്ടിതകർക്കാതെ ഉദിച്ചുയരാൻ ഇന്ധനമായ ശ്രദ്ധനൽകിയ കേരളകൗമുദി വരും തലമുറകൾക്ക് വായിയ്ക്കാൻ ചരിത്രമനസുകളിൽ ഇടം പിടിക്കും എന്നതിൽ സംശയമില്ല.
സേനൻ അരുവിപ്പുറം,
പ്രസിഡന്റ്
ശ്രീ നാണിയാശാൻ
കുടുംബസമിതി
ഫോൺ: 9495073932
വിദ്യാലയങ്ങളിലെ വെള്ളിവെളിച്ചം
കാർമേഘ പടലങ്ങൾക്കിടയിലെ വെള്ളിവെളിച്ചം എന്ന കേരളകൗമുദി മുഖപ്രസംഗം നമ്മുടെ വിദ്യാഭ്യാസ രംഗത്തെ നിരവധി മാറ്റങ്ങൾ എടുത്തുകാട്ടുന്നു.
ഭരണപരമായ കുറ്റങ്ങളും കുറവുകളും എന്തൊക്കെയുണ്ടെങ്കിലും വിദ്യാലയങ്ങളിൽ ഈ മന്ത്രിസഭ നടപ്പാക്കിയ പരിഷ്കാരങ്ങൾ പ്രശംസനീയമാണ്. ആ വെള്ളിവെളിച്ചം അർഹിക്കുന്ന രീതിയിൽ വായനക്കാർക്ക് പകർന്നു നൽകിയതിന് അഭിനന്ദനം.
ജി.എസ്. അംബികാകുമാരി
റിട്ട. അദ്ധ്യാപിക
ഇടയ്ക്കോട്,
നേമം.