നിയമം നടപ്പാക്കാൻ ചുമതലപ്പെട്ട പൊലീസ് നടത്താറുള്ള നിയമലംഘനങ്ങൾ എന്നും ചർച്ചാവിഷയമാണ്. പൊലീസിനെ പരിഷ്കരിക്കാൻ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച നാൾ മുതൽ ശ്രമം നടക്കുന്നുണ്ട്. അനവധി കമ്മിഷനുകൾ ഇതിനായി മാത്രം പിറവിയെടുത്തിട്ടുണ്ട്. കാലാനുസൃതമായ ഒട്ടേറെ മാറ്റങ്ങൾ വരികയും ചെയ്തു. എന്നാലും പൊലീസ് ഇനിയും ഏറെ മാറാനുണ്ടെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ബ്യൂറോ ഒഫ് പൊലീസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് (ബി.പി.ആർ.ഡി) പൊലീസിനെ പരിഷ്കരിക്കാനും കൂടുതൽ ജനാഭിമുഖ്യമുള്ള സേനയാക്കാനും വേണ്ടി പുതിയ മാർഗനിർദ്ദേശങ്ങളുമായി മുന്നോട്ടുവന്നിരിക്കുകയാണ്. ക്രമസമാധാനപാലനത്തിൽ മുഖ്യപങ്കുവഹിക്കുന്ന പൊലീസ് ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളുടെ രക്ഷകരുമാകണം. അതുപോലെ ജനങ്ങളുമായി ഇടപെടേണ്ടിവരുന്ന എല്ലാ സന്ദർഭങ്ങളിലും അവരുടെ പെരുമാറ്റം മാതൃകാപരവുമാകണം. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്കുപോലും മനുഷ്യാവകാശങ്ങളുണ്ടെന്ന കാര്യം മറന്നുകൂടാ. അതു മാനിക്കാൻ മടിക്കുന്ന പൊലീസ് സേനാംഗങ്ങൾ നിയമത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുകയാണു ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് പൊലീസ് കൈക്കൊള്ളേണ്ട നടപടിക്രമങ്ങളെപ്പറ്റി ധാരാളം നിർദ്ദേശങ്ങൾ കാലാകാലങ്ങളിൽ വിവിധ അധികാരകേന്ദ്രങ്ങളിൽ നിന്ന് വന്നിട്ടുണ്ട്. സുപ്രീംകോടതി ഇതുസംബന്ധിച്ച് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ അക്കമിട്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾക്ക് അവ വായിച്ചറിയാൻ പാകത്തിൽ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുള്ളതാണ്. കസ്റ്റഡിയിലെടുക്കുന്നവരെ ദിവസങ്ങളോളം അറസ്റ്റ് രേഖപ്പെടുത്താതെ സൂക്ഷിക്കുന്നതു തടയാൻ പരിരക്ഷാ വ്യവസ്ഥകളുണ്ട്. പല കേസുകളിലും അതൊന്നും പാലിക്കാറില്ല. നിയമാനുസൃതമുള്ള ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് ലഭിക്കാറുമില്ല. ആളും തരവും നോക്കിയാകും പൊലീസിന്റെ സമീപനം.
അന്യായ അറസ്റ്റും ലോക്കപ്പ് മർദ്ദനം പോലുള്ള പീഡനമുറകളും തടയാനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ ബി.പി.ആർ.ഡി തയ്യാറാക്കി കേന്ദ്ര ആഭ്യന്തരവകുപ്പിനു സമർപ്പിച്ചിട്ടുണ്ട്. നിസാര കുറ്റങ്ങളുടെ പേരിൽ അറസ്റ്റ് പാടില്ലെന്ന് പ്രത്യേകം പറയുന്നുണ്ട്. കഴിവതും നോട്ടീസ് നൽകി വിളിച്ചുവരുത്തിയേ അറസ്റ്റ് ചെയ്യാവൂ. നോട്ടീസ് നൽകിയിട്ടും സ്റ്റേഷനിൽ ഹാജരാകാൻ വിസമ്മതിക്കുന്നവരെ താമസസ്ഥലത്തുചെന്ന് അറസ്റ്റുചെയ്യാവുന്നതാണ്. കൂടുതൽ ഗുരുതരമായ കേസുകളിൽ അറസ്റ്റ് ഒഴിവാക്കാനാകില്ല. അപ്പോഴും അറസ്റ്റിലാകുന്നവരുടെ പൗരാവകാശങ്ങൾ ഒരു തരത്തിലും ഹനിക്കപ്പെടരുത്. കസ്റ്റഡിയിലുള്ള പ്രതികളുടെ ആഹാരം, കുളി, വ്യക്തിശുചീകരണത്തിനുള്ള സൗകര്യങ്ങൾ എന്നിവ നിശ്ചയമായും ഉറപ്പാക്കേണ്ടതുണ്ട്. അറസ്റ്റ് വിവരം പ്രതി നിർദ്ദേശിക്കുന്ന ആരെയെങ്കിലും അറിയിക്കുകയും ആവശ്യപ്പെട്ടാൽ നിയമസഹായം നൽകുകയും വേണം. സ്‌ത്രീകളെയും കുട്ടികളെയും സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്യരുത്. വീടുകളിൽ ചെന്നുവേണം ചോദ്യം ചെയ്യാൻ. മറ്റൊരു സ്‌ത്രീയുടെ സാന്നിദ്ധ്യവും ഉണ്ടാകണം. 65 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാരെ സ്റ്റേഷനിലേക്കു വിളിപ്പിക്കരുതെന്നും മാർഗരേഖയിൽ പറയുന്നു. ആരെ അറസ്റ്റ് ചെയ്യുമ്പോഴും കാര്യകാരണങ്ങൾ വ്യക്തമായി പ്രതിയെ അറിയിക്കണം. ചാടിപ്പോകുമെന്നു സംശയമുണ്ടെങ്കിൽ മാത്രമേ പ്രതിയെ വിലങ്ങുവയ്ക്കാവൂ എന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം. ലോക്കപ്പുകളിൽ മൂന്നാം മുറ പാടേ ഒഴിവാക്കണം. കുറ്റം തെളിയിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണം. ലോക്കപ്പുകളിൽ സി.സി.ടിവി കാമറകൾ സ്ഥാപിക്കണമെന്നും ഉയർന്ന ഉദ്യോഗസ്ഥർ അവ നിരീക്ഷിക്കണമെന്നും മാർഗനിർദ്ദേശമുണ്ട്. ബി.പി.ആർ.ഡി മാർഗരേഖ കേന്ദ്രം അംഗീകരിക്കുന്ന മുറയ്ക്ക് പ്രയോഗത്തിൽ വരുമെന്നു വേണം കരുതാൻ.
മാർഗനിർദ്ദേശങ്ങൾക്കും പരിഷ്കരണ ശുപാർശകൾക്കും കുറവൊന്നുമില്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം. കാക്കിയണിഞ്ഞാൽ പൊലീസ് സ്വന്തക്കാരെപ്പോലും തിരിച്ചറിയാൻ മടിക്കുമെന്ന് പൊതുവേ പറയാറുള്ളത് നിയമം നടപ്പാക്കുന്നതിൽ കാണിക്കുന്ന കാർക്കശ്യം കാണുമ്പോഴാണ്. കുറ്റകൃത്യങ്ങളും കുറ്റവാളികളും വല്ലാതെ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ പൊലീസിന്റെ ജോലി വളരെയധികം ശ്രമകരമായിക്കൊണ്ടിരിക്കുകയാണെന്നു പറയാം. നിയമത്തിന്റെ പാത വിട്ടും സഞ്ചരിക്കാൻ പലപ്പോഴും അവർ നിർബന്ധിതരാകാറുമുണ്ട്. രാഷ്ട്രീയ ഇടപെടലുകളിൽ നിന്നു മുക്തമല്ലാത്തതിനാൽ പെറ്റി കേസുകളിൽ പോലും പലവിധ താത്പര്യങ്ങൾ പരിഗണിക്കേണ്ടിവരും. അധികാരത്തിലിരിക്കുന്നവർ തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളെ നിലയ്ക്കുനിറുത്താൻ പലപ്പോഴും പൊലീസിനെ ചട്ടുകമാക്കാറുണ്ട്. അധികാരകേന്ദ്രങ്ങളോട് വിധേയത്വം കാണിക്കുന്ന പൊലീസ് സമൂഹത്തിലെ ദുർബല വിഭാഗങ്ങളോട് യാതൊരു ദാക്ഷിണ്യവും പുലർത്താറില്ലെന്നത് രാജ്യമൊട്ടാകെ കാണുന്ന പ്രതിഭാസമാണ്. പൊലീസിന്റെ സഹായവും സേവനവും ഏറെ ആവശ്യമായി വരുന്നതും ഇത്തരം ജനവിഭാഗങ്ങൾക്കാണ്. എന്നിരുന്നാലും സഹായം തേടിയെത്തുന്ന പാവങ്ങളെ ആട്ടിയകറ്റുന്ന പൊലീസിനെയാണ് പരക്കെ കാണാനാവുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഇതിനു കുപ്രസിദ്ധി നേടിയവയാണ്. ബലാത്സംഗ കേസുകളിൽ പോലും കേസ് രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കാത്ത എത്രയോ സംഭവങ്ങൾ ഈ അടുത്ത നാളുകളിൽപ്പോലും ഉണ്ടായി.
പൊലീസിനെ നന്നാക്കാനുള്ള മാർഗനിർദ്ദേശങ്ങൾക്കൊപ്പം അവരുടെ പരിശീലനം മുതലുള്ള വിവിധ ഘട്ടങ്ങൾ കാലാനുസൃതമായി ആധുനികവൽക്കരിക്കാൻ നടപടി ഉണ്ടാകണം. അടിസ്ഥാനപരമായിത്തന്നെ പൊലീസിന്റെ ഘടനയിലും സമീപനത്തിലും ഇനിയും ധാരാളം മാറ്റങ്ങൾ വരേണ്ടതുണ്ട്. പൊതുസമൂഹവുമായി ഇടപെടേണ്ട സന്ദർഭങ്ങളിലെങ്കിലും മാന്യമായും സഭ്യമായും പെരുമാറാൻ പരിശീലനം നൽകണം. അധികാര ചിഹ്നങ്ങൾ മനുഷ്യരുടെ മെക്കിട്ടു കയറാനുള്ള അവകാശമായി കരുതുന്നവർ സർവീസിൽ ധാരാളമുണ്ട്. അത്തരക്കാരാണ് സേനയ്ക്കും സർക്കാരിനും എപ്പോഴും ദുഷ്‌പേരുണ്ടാക്കുന്നത്. എപ്പോഴും മുകളിൽ നിന്നാകണം മാറ്റം തുടങ്ങേണ്ടത്. മുകളിലുള്ളവർ മാതൃകാപരമായി പെരുമാറിയാൽ ആ വഴി പിന്തുടരാൻ താഴെ തലങ്ങളിലുള്ളവരും നിർബന്ധിതരാകും. സംസ്കാര ചിത്തരായ പൊലീസ് സേന ഏതു നാടിന്റെയും അഭിമാനമാണ്. അത്തരമൊരു കാലത്തിലേക്ക് ഇന്ത്യയിലെ സേനയും എന്നു പ്രതീക്ഷിക്കാം.