വക്കം: വക്കം വലിയ പള്ളിക്ക് സമീപം കിണർ കുഴിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് മരിച്ച വക്കം ഡാങ്കേമുക്ക് തൈവിളാകം വീട്ടിൽ പ്രസാദിന്റെ (40)നിർദ്ധന കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ഒത്തുചേർന്നു.
ഗുരുതരമായ രോഗം ബാധിച്ച ഭാര്യ സൗമ്യയും പ്രായമായ മാതാപിതാക്കളും 9, 6, 3 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുമടങ്ങിയ കുടുംബത്തിന്റെ ആകെ അത്താണി പ്രസാദായിരുന്നു.
പ്രസാദിന്റെ മരണത്തോടെ ഇവരുടെ ജീവിതം വഴിമുട്ടി. സർക്കാരിൽ നിന്നു ലഭിച്ച വീടിന്റെ പണി പൂർത്തിയായിട്ടില്ല. മാതാപിതാക്കളുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് മറ്റ് മാർഗങ്ങളില്ല. ഇതു മനസിലാക്കിയ നാട്ടുകാർ ഇവരെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.
സത്യൻ എം.എൽ.എ മുൻകൈയെടുത്ത് പ്രസാദിന്റെ വീട്ടുമുറ്റത്ത് വിളിച്ചുകൂട്ടിയ യോഗത്തിൽ വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി, സി.പി.എം എൽ.സി സെക്രട്ടറി ഡി. അജയകുമാർ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. നൗഷാദ്, സി.പി.ഐ നേതാവ് അമാനുള്ള, സോമനാഥൻ എന്നിവർ സംസാരിച്ചു.
15 ന് ഒറ്റ ദിവസം കൊണ്ട് വക്കം പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നും വീടുകളിൽ നിന്നും, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും കുടുംബ സഹായ ഫണ്ട് സ്വരൂപിക്കാൻ ജനകീയ സമിതിക്ക് രൂപം നൽകി. കൂടാതെ ഭാര്യ സൗമ്യയുടെ പേരിൽ വക്കം എസ്.ബി.ഐയിൽ (അക്കൗണ്ട് നമ്പർ: 67345691500, ഐ.എഫ്.സി കോഡ്: SBI N0070050) അക്കൗണ്ടും ആരംഭിച്ചു.