vote

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസമോ, രണ്ടു ദിവസം മുമ്പോ കൊവിഡ് ബാധിച്ചവർക്കും, ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടവർക്കും വോട്ട് ചെയ്യാൻ അവസരം. ഇതിനായി കേരള പഞ്ചായത്തി രാജ്, മുനിസിപ്പാലിറ്റി ആക്ടിൽ ഭേദഗതിക്കുള്ള ഓർഡിനൻസിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

വൈകിട്ട് അഞ്ച് മുതൽ ആറ് വരെ ഇവർക്ക് വോട്ടിടാൻ സൗകര്യമൊരുക്കും. ഇവരെത്തുന്ന സമയത്ത് ക്യൂ ഉണ്ടെങ്കിൽ അതവസാനിക്കും വരെ കാത്തുനിൽക്കണം. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്.

രോഗബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും തപാൽ വോട്ടിനുള്ള അവസരമാണ് ഒരുക്കിയിരുന്നത്. എന്നാൽ ഇവർ തപാൽ വോട്ടിന് മൂന്ന് ദിവസം മുമ്പ് റിട്ടേണിംഗ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. പോസ്റ്റൽ വോട്ട് അടയാളപ്പെടുത്തിയ ബാലറ്റ് പേപ്പർ പോളിംഗിന് രണ്ടു ദിവസം മുമ്പ് മുദ്ര ചെയ്‌ത് നൽകുകയും വേണം.

 മാർഗനിർദ്ദേശം തയാറാക്കണം

കൊവിഡ് ബാധിച്ചവർക്കും, സമ്പർക്ക വിലക്കിലുള്ളവർക്കും പോളിംഗ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തേണ്ട പ്രത്യേക സൗകര്യം സംബന്ധിച്ച് ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശം തയാറാക്കി തദ്ദേശ വകുപ്പിന് നൽകണം. പോളിംഗ് ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കും പ്രത്യേക സംരക്ഷണത്തിനും മാർഗനിർദ്ദേശങ്ങൾ വേണം.