പ്ലസ് വൺ: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് അപേക്ഷിക്കാം. സീറ്റുകളുടെ വിവരം ഇന്ന് രാവിലെ ഒൻപതിന് www.hscap.kerala.gov.inൽ പ്രസിദ്ധീകരിക്കും. കാൻഡിഡേറ്റ് ലോഗിനിലെ apply for vacant seat ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാനാവില്ല.
രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് മെരിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷൻ വെബ്സൈറ്റിൽ നാളെ രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. candidate's rank report എന്ന ലിങ്കിലൂടെ അഡ്മിഷൻ ലഭിക്കാൻ സാധ്യതയുള്ള സ്കൂൾ, കോഴ്സ് മനസിലാക്കി അപേക്ഷകർ രക്ഷിതാക്കൾക്കൊപ്പം സർട്ടിഫിക്കറ്റുകളുമായി ആ സ്കൂളിൽ നാളെ രാവിലെ 10 നും 12 നും ഇടയിൽ എത്തണം.
എം.ടെക് സീറ്റൊഴിവ്
തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയുടെ കീഴിൽ ബാർട്ടൺഹിൽ ഗവ.എൻജിനീയറിംഗ് കോളേജിൽ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി എം.ടെക് ട്രാൻസലേഷണൽ എൻജിനീയറിംഗ് കോഴ്സിന് സീറ്റൊഴിവുണ്ട്. ബി.ഇ/ ബി.ടെക് ഡിഗ്രിക്കാർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ സ്പോട്ട് അഡ്മിഷനായി 16ന് രാവിലെ 9ന് കോളേജിലെത്തണം. വിവരങ്ങൾക്ക്: 7736136161, 9495058367, www.tplc.gecbh.ac.in, www.gecbh.ac.in.
സ്കോളർഷിപ്പ് വിതരണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകിവരുന്ന 2019-20 അദ്ധ്യയന വർഷത്തിലെ ബി.എ/ ബി.എസ്.സി/ ബി.കോം ബിരുദപഠനത്തിനുള്ള ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് തുക വിതരണം ചെയ്തു തുടങ്ങി.
ഡി.എൽ.എഡ് പ്രായോഗിക പരീക്ഷ
തിരുവനന്തപുരം: ഡി.എൽ.എഡ് രണ്ടാം സെമസ്റ്റർ ഐ.സി.റ്റി. പ്രായോഗിക പരീക്ഷ ഈ മാസം 25, 26, 27 തീയതികളിൽ നടക്കും.
പ്ലസ് വൺ: ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ ഡിസംബർ 18 മുതൽ
തിരുവനന്തപുരം: പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ 18 മുതൽ 23 വരെ നടക്കും. ഗൾഫ് മേഖലയിലെ സ്കൂളുകളിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യു.എ.ഇയിലുളള പരീക്ഷാകേന്ദ്രത്തിലോ, അതാത് വിഷയ കോമ്പിനേഷനുളള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ പരീക്ഷയെഴുതാം.
മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് മൂന്ന് വിഷയങ്ങളിൽ വരെ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതാം. നേരത്തേ രജിസ്റ്റർ ചെയ്ത വിഷയങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കാത്തവയുണ്ടെങ്കിൽ അവ എഴുതാനും റഗുലർ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. കമ്പാർട്ട്മെന്റൽ വിദ്യാർത്ഥികൾക്ക് മാത്രം ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്ട്രേഷനാണ് നൽകുന്നത്.ഫീസടയ്ക്കേണ്ട അവസാന തീയതി നവംബർ 16. 600 രൂപ ഫൈനോടെ 18 വരെ അപേക്ഷ സമർപ്പിക്കാം.
റഗുലർ, ലാറ്ററൽ എൻട്രി, വിദ്യാർഥികൾക്കുളള പരീക്ഷാ ഫീസ് ഒരു പേപ്പറിന് 175 രൂപയാണ്. സർട്ടിഫിക്കറ്റ് ഫീസ് 40 രൂപ. കമ്പാർട്ട്മെന്റൽ വിഭാഗം വിദ്യാർഥികൾക്കുളള പരീക്ഷാഫീസ് ഒരു പേപ്പറിന് 225 രൂപയും സർട്ടിഫിക്കറ്റ് ഫീസ് 80 രൂപയുമാണ്. വിശദാംശങ്ങൾ www.dhsekerala.gov.in എന്ന വെബ്സൈറ്റിൽ.